നടക്കുന്നത് ഹിന്ദുവോട്ടുകള്‍ ലക്ഷ്യമാക്കിയുള്ള ലജ്ജാകരമായ വോട്ടുബാങ്ക് രാഷ്‌ട്രീയം: യെച്ചൂരി

ബുധന്‍, 21 ഒക്‌ടോബര്‍ 2015 (11:38 IST)
ഹിന്ദുവോട്ടുകള്‍ ഏകീകരിക്കാനുള്ള ലജ്ജാകരമായ വോട്ടുബാങ്ക് രാഷ്‌ട്രീയമാണ് ഇന്ന് രാജ്യത്ത് അരങ്ങേറുന്നതെന്ന്  
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അസഹിഷ്ണുതയുടെ രാഷ്‌ട്രീയം മറ്റ് മേഖലകളിലേക്ക് പടരുബോഴും പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വിറ്ററില്‍ പോലും പ്രതികരിക്കാന്‍ തയാറാകുന്നില്ല. ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തെക്കുറിച്ച് രാഷ്‌ട്രപതിക്ക് പലവട്ടം ഓര്‍മപ്പെടുത്തേണ്ടി വരുന്നത് ഗൗരവമായ വിഷയമാണെന്നും യെച്ചൂരി പറഞ്ഞു.

ഹരിയാനയിലെ ഫരീദാബാദില്‍ ദളിത് കുടുംബത്തെ ചുട്ടു കൊന്ന സംഭവം അസഹിഷ്ണുതയുടെ രാഷ്‌ട്രീയം മറ്റ് മേഖലകളിലേക്ക് പടരുന്നതിന്റെ വ്യക്തമായ തെളിവുകളാണ്. ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും വേദനിപ്പിക്കുന്ന സംഭവത്തില്‍ നിന്ന് ഒളിച്ചോടാന്‍ സാധിക്കുന്നില്ല. സംഭവങ്ങളില്‍ നിന്ന് കേന്ദ്രം കൈകഴുകരുതെന്നും യെച്ചൂരി പറഞ്ഞു.

അസഹിഷ്ണുത വെളിപ്പെടുത്തുന്ന പ്രസ്‌താവനകള്‍ എം പിമാരും മന്ത്രിമാരും തുടരുകയണ്. എന്നാല്‍ പ്രധാനമന്ത്രി അടക്കമുള്ള നേതാക്കള്‍ ഇവരോട് എതിര്‍പ്പ് പറയുന്നില്ല. ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് നിരവധി തവണ പറഞ്ഞപ്പോഴും മോഡി ഒന്നും കാര്യമാക്കിയെടുത്തില്ലെന്നും യെച്ചൂരി പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുകയെന്നത് സര്‍ക്കാരിന്‍്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക