1984 സിഖ് വിരുദ്ധ കലാപം: ആളുകളെ ട്രെയിനിൽനിന്നും വലിച്ചിറക്കി ചുട്ടുകൊല്ലുന്നത് പൊലീസ് കണ്ടുനിന്നു

വെള്ളി, 17 ജനുവരി 2020 (08:35 IST)
ഡൽഹി: ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിനെ തുടർന്ന് 1984ൽ ഉണ്ടായ സിഖ് വിരുദ്ധ കലാപത്തിൽ അക്രമികൾ ട്രെയിൻ തടഞ്ഞ് സിഖ് യാത്രക്കാരെ ട്രെയിനിൽ നിന്നും വലിച്ചിറക്കി കൊലപ്പെടുത്തിയതായി സുപ്രീം കോടതിയുടെ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. മതിയായ അംഗബലമില്ല എന്ന കാരണം പറഞ്ഞ് സംഭവങ്ങളിൽ പൊലീസ് കാഴ്ചക്കാരായിനിന്നു എന്ന് ജസ്റ്റിസ് ദിംഗ്രയുടെ മേൽനോട്ടത്തിൽ നടന്ന അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
 
നംഗോലി, കിഷൻഗഞ്ച്, ദയാബസ്തി, ഷഹദാര, തുഗ്ലക്കാബാദ് റെയിൽവേ സ്റ്റേഷനുകളിലായി നവംബർ 1, 2 തീയതികളിൽ ആളുകളെ ട്രെയിനിൽനിന്നു വലിച്ചിറക്കി കൊലപ്പെടുത്തുന്ന സംഭവങ്ങൾ അരങ്ങേറി. യാത്രക്കാരെ ട്രെയിനിൽനിന്നും വലിച്ചിറക്കുന്നതും, ചുട്ടുകൊല്ലുന്നതും പൊലീസ് കണ്ടുനിന്നു. ഒരു എഫ്ഐആർ പോലും സംഭവങ്ങളിൽ രജിസ്റ്റർ ചെയ്തില്ല. പിന്നീട് എല്ലാ കേസുകളും ചേർത്ത് ഒരു എഫ്ഐആർ രജിസ്റ്റർ ചെയ്യുകയാണ് ഉണ്ടായത്.
 
സംഭവങ്ങളിൽ അന്നത്തെ ഡിസിപിക്ക് ലഭിച്ചിരുന്ന 337 പരാതികൾ സുൽത്താൻപൂർ പൊലീസ് സ്റ്റേഷനിലേക്ക് അയച്ചെങ്കിലും 498 പരാതികൾ ഒരു എഫ്ഐആറായി രജിസ്റ്റർ ചെയ്ത് ഒരേയൊരു ഉദ്യോഗസ്ഥനെ അന്വേഷണത്തിന് നിയോഗിക്കുകയായിരുന്നു. അക്രമികളുടെ പേര് വിവരങ്ങൾ അടക്കം വ്യക്തമാക്കുന്ന നുറുകണക്കിന് സത്യവാങ്മൂലങ്ങൾ രംഗനാഥ് മിശ്ര കമ്മീഷന് ലഭിച്ചിരുന്നു എന്നാൽ ഇതിൽ വ്യക്തമായ അന്വേഷണവും വിചാരണയും നടന്നില്ല. വേണ്ടത്ര തെളിവുകൾ ഉണ്ടായിരുന്നിട്ടും വിചാരണ നടത്തിയ ജഡ്ജി നടപടി എടുത്തില്ല എന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നുണ്ട്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍