വേനല്‍ക്കാലത്തിന്റെ കനത്ത ചൂട് കടന്നു വരാന്‍ ഇനിയും കുറച്ചു ദിവസങ്ങളെടുക്കും, എങ്കിലും പത്താംക്ലാസ് പരീക്ഷാച്ചൂട് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്നു. മാര്‍ച്ചിലെ പരീക്ഷാച്ചൂട് കഴിഞ്ഞാല്‍ പിന്നെ നെഞ്ചിടിപ്പോടെ കാത്തിരിക്കുന്നത് പരീക്ഷാഫലത്തിനായാണ്. പണ്ടായിരുന്നെങ്കില്‍ തോല്‍വിയും ജയവും അതിന്റേതായ രീതിയില്‍ കണ്ടവരായിരുന്നു മിക്ക പരീക്ഷാര്‍ത്ഥികളും. എന്നാല്‍, കാലം മാറുകയും വിദ്യാര്‍ത്ഥികളുടെ മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും ചെയ്തതോടെ തോല്ക്കുന്നവര്‍ ആത്മഹത്യയെ വരിക്കാനും തുടങ്ങി. എന്നാല്‍, അങ്ങനെയുള്ള ഭീരുക്കള്‍ക്ക് മാതൃകയാണ് രാജസ്ഥാനില്‍ നിന്നുള്ള ഒരു 77കാരന്‍.
ഒന്നല്ല, ഒമ്പതല്ല ഇതുവരെ 46 പ്രാവശ്യം ശിവ് ചരണ്‍ യാദവ് പത്താം ക്ലാസ് പരീക്ഷ എഴുതിക്കഴിഞ്ഞു. എന്നാല്‍, കടമ്പ കടക്കാന്‍ കഴിഞ്ഞില്ല, പക്ഷേ തോല്‍വി സമ്മതിക്കാനും മനസ്സില്ല. ഇത്തവണ 47 ആം തവണയാണ് ഇദ്ദേഹം പരീക്ഷ എഴുതാന്‍ തയ്യാറെടുക്കുന്നത്. മാര്‍ച്ച് പത്തിനാണ് രാജസ്ഥാനില്‍ പത്താംക്ലാസ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആല്‍വാറിലെ ഖൊഹാരി ഗ്രാമത്തിലെ താമസക്കാരനാണ് അദ്ദേഹം.
പരീക്ഷ പാസാകുന്നതു വരെ താന്‍ ‘ബാച്ചിലര്‍ ബോയ്’ തന്നെ ആയി തുടരുമെന്നാണ് ഇദ്ദേഹത്തിന്റെ ഉറച്ച തീരുമാനം. പരീക്ഷ പാസാകാത്തതും പ്രായമാകുന്നതും ഇദ്ദേഹത്തെ ഉറച്ച തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിച്ചിട്ടില്ല. 1968ലാണ് ആദ്യമായി ശിവ് ചരണ്‍ പത്താംക്ലാസ് പരീക്ഷയെഴുതിയത്. എല്ലാ വര്‍ഷവും ഏതെങ്കിലും വിഷയങ്ങളില്‍ ജയിച്ചാല്‍ മറ്റു ചില വിഷയങ്ങളില്‍ തോല്‍ക്കും. എന്നാല്‍, 21 വര്‍ഷം മുമ്പ് 1995ല്‍ വിജയത്തിന്റെ പടിവാതില്‍ വരെ അദ്ദേഹം എത്തിയിരുന്നു.
അന്ന് എല്ലാ വിഷയങ്ങള്‍ക്കും ജയിച്ചെങ്കിലും കണക്കില്‍ പരാജയപ്പെട്ടു. ഇപ്രാവശ്യം സ്കൂളിലെ അധ്യാപകരില്‍ നിന്ന് താന്‍ ക്ലാസുകള്‍ നേടിയിട്ടുണ്ടെന്നും അതിനാല്‍ വിജയിക്കുമെന്നുമുള്ള ഉറച്ച പ്രതീക്ഷയിലുമാണ് ശിവ് ചരണ്‍. പരമ്പരാഗതമായി കിട്ടിയ വീട്ടില്‍ കഴിഞ്ഞ 30 വര്‍ഷമായി തനിച്ചാണ് താമസം. സര്‍ക്കാരില്‍ നിന്ന് കിട്ടുന്ന വാര്‍ദ്ധക്യകാല പെന്‍ഷനും അടുത്തുള്ള ക്ഷേത്രത്തില്‍ നിന്ന് ലഭിക്കുന്ന പ്രസാദവും ആശ്രയിച്ചാണ് ഇദ്ദേഹം ഇപ്പോള്‍ ജീവിക്കുന്നത്.