സ്‌കൂള്‍ ബസില്‍ ഇരിക്കാനുള്ള സീറ്റിനെ ചൊല്ലി വഴക്ക്; 14 വയസുകാരന്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 13 ഫെബ്രുവരി 2025 (16:29 IST)
സ്‌കൂള്‍ ബസില്‍ ഇരിക്കാനുള്ള സീറ്റിനെ ചൊല്ലിയുള്ള വഴക്കിനിടെ 14 വയസുകാരന്‍ മരിച്ചു. തമിഴ്നാട്ടിലെ സേലത്ത് എടപ്പാടിയിലാണ് 14 വയസ്സുകാരന്റെ ദാരുണ മരണത്തില്‍ കലാശിച്ച ഞെട്ടിക്കുന്ന സംഭവം നടന്നത്. സ്‌കൂള്‍ ബസ് എടപ്പാടിയിലെ വെള്ളാണ്ടിവളസിനടുത്തെത്തിയപ്പോള്‍ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികള്‍ സീറ്റിനെ ചൊല്ലി തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. തര്‍ക്കത്തില്‍ ഏര്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ ഒരാളായ കണ്ടഗുരുവാണ് മരിച്ചത്. 
 
കണ്ടഗുരു സീറ്റില്‍ ഇരുന്നപ്പോള്‍ മറ്റൊരു വിദ്യാര്‍ത്ഥി കുട്ടിയെ സീറ്റില്‍ നിന്നും തള്ളുകയായിരുന്നു. തള്ളലിന്റെ ശക്തിയില്‍ ബസ്സിന്റെ തറയില്‍ തലയിടിച്ച് കണ്ടഗുരു വീഴുകയും പെട്ടെന്ന് ബോധം നഷ്ടപ്പെടുകയും ചെയ്തു. കണ്ടഗുരുവിനെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും കുട്ടിയുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. 
 
തുടര്‍ന്ന് ചൊവ്വാഴ്ച കുട്ടി മരണപ്പെടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് കണ്ടഗുരുവിന്റെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്ത് അധികൃതര്‍ അതിവേഗം നടപടി സ്വീകരിച്ചു. വിദ്യാര്‍ത്ഥിയെ സര്‍ക്കാര്‍ തിരുത്തല്‍ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. സമാന സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സ്‌കൂളിന് ചുറ്റും പോലീസ് കാവല്‍ ശക്തമാക്കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍