പ്രവാചകന്‍ യോഗിയായിരുന്നെന്ന് ആര്‍എസ്എസിന്റെ മുസ്ലിം വിഭാഗം

വ്യാഴം, 18 ജൂണ്‍ 2015 (13:06 IST)
പ്രവാചകന്‍ മുഹമ്മദ് നബി യോഗിയായിരുന്നുവെന്ന് ആര്‍ എസ് എസിന്റെ മുസ്ലിം വിഭാഗമായ മുസ്ലിം രാഷ്‌ട്രീയ മഞ്ച്. യോഗയും മുസ്ലിമും എന്ന പേരില്‍ പുറത്തിറക്കിയ  ചെറുപുസ്തകത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 
 
അന്താരാഷ്‌ട്ര യോഗ ദിനവുമായി ബന്ധപ്പെട്ടുള്ള ആശങ്കകള്‍ അകറ്റുന്നതിനാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത് എന്നാണ് എം ആര്‍ എം വ്യക്തമാക്കുന്നു. 32 പേജുള്ള പുസ്തകത്തില്‍ 12 അധ്യായങ്ങള്‍ ആണുള്ളത്.
 
പുസ്തകത്തില്‍, നമാസിലെ ഓരോ ചലനങ്ങളും യോഗയുമായി ബന്ധമുള്ളതാണെന്ന് എം ആര്‍ എം  അവകാശപ്പെടുന്നു. യോഗ ഇസ്‍ലാം വിരുദ്ധമല്ലെന്നും ഹിന്ദു മതപ്രചാരത്തിനല്ല യോഗ പ്രചരിപ്പിക്കുന്നതെന്നും യോഗ മുസ്ലീങ്ങള്‍ക്ക് അപരിചിതമല്ലെന്നും ഒക്കെയുള്ള തലക്കെട്ടുകളിലാണ് പുസ്തകത്തിലെ അധ്യായങ്ങള്‍.
 
എല്ലാ സംസ്ഥാനങ്ങളിലും എം ആര്‍ എം പുസ്തകം പുറത്തിറക്കുന്നുണ്ട്. ഇംഗ്ലീഷിലും ഉറുദുവിലും പരിഭാഷ ചെയ്തും പുസ്തകം പുറത്തിറക്കിയിട്ടുണ്ട്. യോഗക്കെതിരെ ലോകത്ത് എവിടെ നിന്നും എതിര്‍പ്പ് ഉയര്‍ന്നുകേട്ടിട്ടില്ല. നമ്മുടെ രാജ്യത്തെ മുസ്‍ലിങ്ങള്‍ക്കിടയില്‍ നിന്നു മാത്രമാണ് എതിര്‍പ്പ് ഉയര്‍ന്നിരിക്കുന്നത്. മുസ്‍ലിങ്ങളുടെ ഈ ആശങ്ക അകറ്റുന്നതിനാണ് തങ്ങള്‍ പുസ്തകം പുറത്തിറക്കിയിരിക്കുന്നതെന്ന് മുസ്‍ലിം രാഷ്‌ട്രീയ മഞ്ച് ദേശീയ കണ്‍വീനര്‍ മുഹമ്മദ് അഫ്‌സല്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക