ഇന്ത്യയില്‍ ന്യൂനപക്ഷമെന്നൊരു വിഭാഗമേയില്ലെന്ന് ആര്‍‌എസ്‌എസ്

വെള്ളി, 13 മാര്‍ച്ച് 2015 (16:57 IST)
ഇന്ത്യയിലെ എല്ലാ ജനങ്ങളും സാംസ്‌കാരികമായും ജനിതകമായും ഹിന്ദുക്കളാണ്‌ എന്നും അതുകൊണ്ട്‌ തന്നെ രാജ്യത്ത്‌ ന്യൂനപക്ഷം എന്നൊരു വിഭാഗമില്ലെന്നും പ്രസ്താവിച്ചുകൊണ്ട് ആര്‍‌എസ്‌എസ് നേതാവ്‌ ദത്താത്രേയ ഹൊസാബെളെ രംഗത്ത്.  ആര്‍.എസ്‌.എസിന്റെ ഉന്നത നയരൂപീകരണ സമിതിയായ അഖില ഭാരതീയ പ്രതിനിധി സഭയുടെ ത്രിദിന യോഗത്തിന്‌ ശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു ദത്താത്രേയ. 
 
ആര്‍എസ്‌എസിലേക്ക്‌ മതന്യൂനപക്ഷ വിഭാഗങ്ങളെയും സ്‌ത്രീകളെയും സ്വാഗതം ചെയ്യുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷമെന്ന് കരുതപ്പെടുന്ന നിരവധി ആളുകള്‍ ആര്‍‌എസ്സിലുണ്ട്. ആരെയാണ്‌ നിങ്ങള്‍ ന്യൂനപക്ഷമെന്ന്‌ വിളിക്കുന്നത്‌, നാമാരെയും ന്യൂനപക്ഷമായി കണക്കാക്കുന്നില്ല, ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളില്ല അതിനാല്‍ ന്യൂനപക്ഷമെന്ന സങ്കല്‍പ്പം തന്നെ അനാവശ്യമാണ്- ദത്താത്രേയ ഹൊസബളെ പറഞ്ഞു.
 
ഇന്ത്യയില്‍ ജനിച്ച എല്ലാവരും ഹിന്ദുക്കളാണെന്ന്‌ ആര്‍എസ്‌എസ്‌ മോധാവി മോഹന്‍ ഭഗവത്‌ നിരവധി തവണ വ്യക്‌തമാക്കിയിട്ടുള്ളതാണ്‌. അവര്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും ഇതാണ്‌ യാഥാര്‍ത്ഥ്യമെന്നും ദത്താത്രേയ കൂട്ടിച്ചേര്‍ത്തു. സംഘപരിവാര്‍ സംഘടനകള്‍ രാജ്യത്ത് എല്ലാവരും ഹിന്ദുക്കളാണെന്ന് പറയുന്നത് തുടര്‍ന്നുകൊണ്ടേയിരിക്കുന്നത് വര്‍ഗീയ ധ്രുവീകരണത്തിന് കാരണമാകുമെന്ന്പലപ്പോഴും രാഷ്ട്രീയ പാര്‍ട്ടികള്‍ കുറ്റപ്പെടുത്താറുണ്ട്. എന്നാല്‍ ഇതൊന്നു ആര്‍‌എസ്‌എസ് വകവയ്ക്കാറില്ല.

 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍