ഹിന്ദുക്കളുടെ പോരാട്ടത്തിനായി മുഴുവന്‍ ഹിന്ദു സമൂഹവും ഒന്നിച്ചു നില്‍ക്കും; പ്രഖ്യാപനവുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

രേണുക വേണു

ഞായര്‍, 8 ഫെബ്രുവരി 2026 (19:51 IST)
ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷങ്ങളുടെ നിലവിലെ അവസ്ഥയെ കുറിച്ച് ശക്തമായ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് രാഷ്ട്രീയ സ്വയംസേവക സംഘം (ആര്‍എസ്എസ്) മേധാവി മോഹന്‍ ഭാഗവത്. അവിടെയുള്ള ഹിന്ദു സമൂഹം സ്വന്തം അവകാശങ്ങള്‍ക്കായി ഉറച്ച നിലപാട് സ്വീകരിച്ചാല്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിയുന്ന ഹിന്ദുക്കളുടെ പൂര്‍ണ പിന്തുണ അവര്‍ക്കുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
 
മുംബൈയില്‍ സംഘടിപ്പിച്ച ആര്‍എസ്എസ് പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിവസത്തെ പരിപാടിയില്‍ സംസാരിക്കവെയാണ് ഭാഗവത് ഈ പരാമര്‍ശം നടത്തിയത്. ബംഗ്ലാദേശില്‍ ഏകദേശം 1.25 കോടി ഹിന്ദുക്കള്‍ താമസിക്കുന്നുണ്ടെന്നും, അവര്‍ അവിടെയുണ്ടായിട്ട് തന്നെ പോരാടാന്‍ തീരുമാനിച്ചാല്‍ ലോകമെമ്പാടുമുള്ള ഹിന്ദുക്കള്‍ അവരെ സഹായിക്കാന്‍ തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു.
 
ആര്‍എസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മുംബൈ വോര്‍ലിയിലെ നെഹ്റു സെന്ററില്‍ നടന്ന '100 വര്‍ഷത്തെ സംഘയാത്ര: പുതിയ ചക്രവാളങ്ങള്‍' എന്ന ദ്വിദിന പ്രഭാഷണ പരമ്പരയിലാണ് ഭാഗവത് സംസാരിച്ചത്.
 
ഇന്ത്യാ വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ച വിദ്യാര്‍ത്ഥി നേതാവ് ഷെരീഫ് ഒസ്മാന്‍ ഹാദിയുടെ മരണത്തിനു പിന്നാലെ കഴിഞ്ഞ കുറച്ച് മാസങ്ങളായി ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ, പ്രത്യേകിച്ച് ഹിന്ദുക്കള്‍ക്കെതിരെ, ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതായും അദ്ദേഹം പരാമര്‍ശിച്ചു. 2024 ഓഗസ്റ്റ് 5ന് വിദ്യാര്‍ത്ഥികള്‍ നേതൃത്വം നല്‍കിയ 'ജൂലൈ പ്രക്ഷോഭം' എന്നറിയപ്പെടുന്ന സമരത്തെ തുടര്‍ന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതോടെയാണ് രാജ്യത്ത് കലാപാവസ്ഥ ശക്തമായത്.
 
ഈ അസ്ഥിര സാഹചര്യത്തിനിടയില്‍, ഹിന്ദു പൗരന്മാരെ ലക്ഷ്യമിട്ട് രാജ്യത്തുടനീളം ജനക്കൂട്ട ആക്രമണങ്ങള്‍ നടന്നുവെന്നും, വ്യാപാരികള്‍, തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരടക്കം നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ന്യൂനപക്ഷങ്ങള്‍ക്കെതിരെ സംഘടിതമായ ആക്രമണങ്ങളിലേക്ക് നയിച്ച തെരുവ് പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ സംഭവങ്ങളെന്ന് ഭാഗവത് പറഞ്ഞു.
 
ഇന്ത്യയിലെ ജനസംഖ്യാ ഘടനയില്‍ വന്ന മാറ്റങ്ങള്‍ നേരിടുന്നതില്‍ മുന്‍കാല സര്‍ക്കാരുകള്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം വിമര്‍ശിച്ചു. ജനനനിരക്കിലെ വ്യത്യാസവും അനധികൃത കുടിയേറ്റവുമാണ് ഇതിന് പ്രധാന കാരണങ്ങളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെടാന്‍ തുടങ്ങിയിട്ടുണ്ടെന്നും, അതിന്റെ ഫലം കാണാനാകുമെന്നും ഭാഗവത് പറഞ്ഞു. ഇന്ത്യയെ ഇനി ദുര്‍ബലപ്പെടുത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം ഉറപ്പിച്ചു. ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ തന്നെ തകര്‍ന്ന് പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍