ഗതാഗത സുരക്ഷാബില്‍ സംസ്ഥനങ്ങളുടെ അധികാരത്തിലുള്ള കടന്നുകയറ്റമെന്ന് കേരളം

ബുധന്‍, 29 ഒക്‌ടോബര്‍ 2014 (16:07 IST)
കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുളള നിര്‍ദ്ദിഷ്ട റോഡ് ഗതാഗത സുരക്ഷാബില്‍ പാസാക്കുമ്പോള്‍ സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന നാഷണല്‍ റോഡ് സേഫ്റ്റി കൗണ്‍സിലിന്റെ യോഗത്തില്‍ സംസ്ഥാനത്തിന്റെ നിലപാട് അറിയിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ ഗതാഗത മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.  ഗതാഗതം ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റില്‍പ്പെട്ട വിഷയമായതിനാല്‍ കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഇതു സംബന്ധിച്ച് നിയമനിര്‍മ്മാണം നടത്താന്‍ അധികാരമുണ്ട്. പുതിയ ബില്ല് തയ്യാറാക്കുമ്പോള്‍ സംസ്ഥാനത്തിന്റെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

അതുപോലെ തന്നെ ഡ്രൈവിംഗ് ലൈസന്‍സുകള്‍, ടെസ്റ്റിംഗ് സെന്ററുകള്‍ എന്നിവ സംബന്ധിച്ച നിര്‍ദ്ദിഷ്ട പരിഷ്‌കാരങ്ങള്‍ കേരളത്തെപ്പോലെ മോട്ടോര്‍ വെഹിക്കിള്‍സ് വകുപ്പില്‍ ആധുനീകരണം നടപ്പാക്കിയ സംസ്ഥാനങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് അനുഗുണമല്ല. ബില്ലില്‍ നിര്‍ദ്ദേശിക്കുന്ന ആധുനിക സൗകര്യങ്ങളെല്ലാം തന്നെ കേരളം നിലവില്‍ നടപ്പാക്കിയിട്ടുള്ളതാണ്. ഈ മേഖലയിലേക്ക് സ്വകാര്യ വ്യക്തികളെയും സ്ഥാപനങ്ങളെയും കടന്നുവരാന്‍ അനുവദിക്കുന്നതു വഴി കോടിക്കണക്കിന് രൂപ ചെലവഴിച്ച് ആധുനീകരിച്ച നിലവിലുള്ള സംസ്ഥാന സംവിധാനം ഉപയോഗശൂന്യമാകും എന്ന് മന്ത്രി പറഞ്ഞു.  

മാത്രമല്ല ആയിരക്കണക്കിന് വകുപ്പ് ഉദ്യോഗസ്ഥന്മാരുടെ ജോലി സുരക്ഷയും പ്രതികൂലമാകും. സംസ്ഥാന സര്‍ക്കാരിന്റെ പ്രധാനപ്പെട്ട വരുമാന സ്രോതസുകളിലൊന്നാണ് മോട്ടോര്‍ വാഹന വകുപ്പ്. വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലായാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രമുഖ വരുമാന സ്രോതസുകളില്‍ ഒന്ന് നിലയ്ക്കുന്ന സാഹചര്യം ഉണ്ടാകും. പുതിയ നിയമ നിര്‍മ്മാണം നടത്തുമ്പോള്‍ ഇക്കാര്യങ്ങളെല്ലാം പരിഗണിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക