മതാടിസ്ഥാനത്തിലുള്ള സംവരണം ജനങ്ങള്‍ക്കിടയിൽ വർഗീയ ചേരിതിരിവിന് കാരണമാകും, മറ്റൊരു ‘പാകിസ്താന്റെ; പിറവിയ്ക്ക് കാരണമാകും: വെങ്കയ്യ

ശനി, 15 ഏപ്രില്‍ 2017 (08:05 IST)
മതാടിസ്ഥാനത്തിലുള്ള സംവരണം ജനങ്ങള്‍ക്കിടയിൽ വർഗീയ ചേരിതിരിവിന് കാരണമാകുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ഇത് സാമൂഹിക അസ്ഥിരതയിലേക്കും മറ്റൊരു ‘പാകിസ്താന്റെ’ പിറവിയിലേക്കും നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 
 
മതാടിസ്ഥാനത്തിനുള്ള സംവരണത്തിന് ഭരണഘടനാ ശിൽപിയായ ഡോ. ബി ആർ അംബേദ്കർ പോലും എതിർത്തിരുന്നുവെന്ന് നായിഡു ചൂണ്ടിക്കാട്ടി. മുസ്ലിം  സംവരണം വർധിപ്പിക്കാനുള്ള തെലങ്കാന സർക്കാറിന്റെ  നീക്കം ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്ര മന്ത്രിയുടെ വിവാദ പരാമർശം. അംബേദ്കർ ജയന്തിയോട് അനുബന്ധിച്ച് ഹൈദരാബാദിൽ ബി ജെ പി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു  വെങ്കയ്യ നായിഡു.
 
രാജ്യത്തിനകത്ത് മറ്റൊരു രാജ്യത്തിനായി വാദിക്കാൻ അത് അവസരമൊരുക്കും. മറ്റൊരു പാകിസ്താൻ ഉണ്ടാകാൻ ഇത്തരം നടപടികൾ വഴിതെളിച്ചേക്കുമെന്നതിനാലാണ് ബി ജെ പി മതാടിസ്ഥാനത്തിലുള്ള സംവരണത്തെ എതിർക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക