കശ്‌മീരില്‍ സംഘര്‍ഷങ്ങള്‍ സൃഷ്‌ടിക്കുന്നവരെ കൈയോടെ പിടികൂടണം; സുരക്ഷാസേനയോട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്

തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2016 (09:47 IST)
കശ്‌മീരില്‍ സംഘര്‍ഷങ്ങള്‍ സൃഷ്‌ടിക്കുന്നവരെ കൈയോടെ പിടികൂടണമെന്ന് സുരക്ഷാസേനയോട് 
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. കശ്‌മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലായിരുന്നു ആഭ്യന്തരമന്ത്രിയുടെ നിര്‍ദ്ദേശം.
 
കശ്‌മീരില്‍ സംഘര്‍ഷം നിലയ്ക്കാത്ത സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തിലായിരുന്നു യോഗം ചേര്‍ന്നത്. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. ഒരു മണിക്കൂറോളം യോഗം നീണ്ടുനിന്നു.
 
ഒരാഴ്ചയ്ക്കുള്ളിൽ കശ്മീരിലെ ജനജീവിതം സാധാരണഗതിയിൽ ആക്കണമെന്ന് രാജ്നാഥ് സിങ് സുരക്ഷാസേനയ്ക്ക് നിർദേശം നൽകി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടൻ തുറക്കണമെന്നും കടകളും മറ്റു വ്യാപാരസ്ഥാപനങ്ങളും സാധാരണ ഗതിയിൽ പ്രവർത്തിക്കുന്ന സ്ഥിതിയുണ്ടാകണമെന്നും ആഭ്യന്തരമന്ത്രി യോഗത്തിൽ നിർദേശം നൽകി.

വെബ്ദുനിയ വായിക്കുക