രാജ്യത്ത് ഉഷ്‌ണം കൂടുമ്പോള്‍ രാഹുല്‍ ബാബ വിദേശത്തേക്ക് പോകുകയാണെന്ന് അമിത് ഷാ; കോണ്‍ഗ്രസ് ഉപാധ്യക്ഷന് വീണ്ടും ബി ജെ പി അധ്യക്ഷന്റെ പരിഹാസം

ശനി, 2 ജൂലൈ 2016 (16:09 IST)
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ വീണ്ടും രംഗത്ത്. രാജ്യത്ത് ചൂടു കൂടുമ്പോള്‍ ഉഷ്‌ണം അകറ്റാനാണ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് പോകുന്നതെന്നായിരുന്നു അമിത് ഷായുടെ പരിഹാസം. 
 
‘രാജ്യത്ത് ചൂടു കൂടുമ്പോള്‍ അത് കുറയ്ക്കുന്നതിനായാണ് രാഹുല്‍ വിദേശത്തേക്ക് പോകുന്നത്.’ - രാഹുലിന്റെ വിദേശയാത്രയെ പരിഹസിച്ചുകൊണ്ട് അമിത് ഷാ പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബസ്‌തിയില്‍ പാര്‍ട്ടിയുടെ ബൂത്തുതല പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോള്‍ ആയിരുന്നു ഷായുടെ ഈ പരിഹാസം.
 
2017 ല്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ എസ് പിയെയും ബി എസ് പിയെയും പരാജയപ്പെടുത്തി ബി ജെ പിയെ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ കൊണ്ടു വരണമെന്നും അമിത് ഷാ പ്രവര്‍ത്തകരോട് പറഞ്ഞു.  എസ് പിയുടെയും ബി എസ് പിയുടെയും കീഴില്‍ സംസ്ഥാനം പുരോഗമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
 
കഴിഞ്ഞ കാലങ്ങളില്‍ കോണ്‍ഗ്രസിനെ കേന്ദ്രത്തില്‍ കൊണ്ടുവന്നതിന് പ്രധാന ഉത്തരവാദികള്‍ എസ് പിയും ബി എസ് പിയുമാണ്. ഇപ്പോള്‍ രാജ്യത്തിന് സംസാരിക്കുന്ന ഒരു പ്രധാനമന്ത്രിയെ ലഭിച്ചിരിക്കുകയാണെന്നും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ പരാമര്‍ശിക്കാതെ അദ്ദേഹം പറഞ്ഞു. 

വെബ്ദുനിയ വായിക്കുക