'ചില്ലറ' പ്രശ്നത്തിൽ സാധാരണക്കാർക്കിടയിൽ ക്യൂ നിൽക്കാൻ രാഹുൽ ഗാന്ധിയും!

വെള്ളി, 11 നവം‌ബര്‍ 2016 (17:37 IST)
കള്ളനോട്ടും തീവ്രവാദവും തടയുന്നതിനായി കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടിയിൽ നിലതെറ്റിയത് സാധാരണക്കാർക്കായിരുന്നു. നടപടിയെ തുടർന്നുണ്ടായ 'ചില്ലറ' പ്രശ്നത്തിൽ സാധാരണക്കാർക്കൊപ്പം ക്യൂ നിൽക്കാൻ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും തയ്യാറായി. ഡൽഹി പാർലമെന്റ് സ്ട്രീറ്റിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ബ്രാഞ്ചിലാണ് രാഹുൽ ഗാന്ധി പണം മാറ്റിവാങ്ങാൻ എത്തിയത്.
 
ബ്രാഞ്ചിൽ നീണ്ട ക്യൂ തന്നെ ഉണ്ടായിരുന്നു. രാഹുൽ ചെന്നുനിന്നത് ക്യൂവിന്റെ അവസാനവും. ‘4000 രൂപ മാറ്റുന്നതിന് വേണ്ടിയാണ് ഞാൻ എത്തിയത്. എന്റെ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. അവർക്കൊപ്പം നിൽക്കാനാണ് ഞാൻ എത്തിയത്. സർക്കാർ ഇത്തരം ജനങ്ങൾക്കൊപ്പമാണ് നിൽക്കേണ്ടേതെന്നും രാഹുൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
 
ക്യൂ വിലെത്തിയ രാഹുലിനൊപ്പം സെൽഫിയെടുക്കാനും പരാതികൾ പറയാനും ജനങ്ങൾ മുന്നോട്ട് വന്നു. കോടീശ്വരൻമാരായ മുതലാളിമാർക്കോ സർക്കാരിനോ സാധാരണക്കാരായ ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാകില്ലെന്ന് രാഹുൽ പ്രതികരിച്ചു. വലിയ തിരക്കാണ് രാജ്യത്തുള്ള വിവിധ എടിഎമ്മുകളിലും ബാങ്കുകളിലും.
 

വെബ്ദുനിയ വായിക്കുക