ഭീഷണിപ്പെടുത്തുന്നു; രാധേമായ്ക്കെതിരെ നടിയുടെ പരാതി
വ്യാഴം, 13 ഓഗസ്റ്റ് 2015 (15:14 IST)
വിവാദ ആള്‍ദൈവം രാധേമായ്ക്കെതിരെ ആരോപണവുമായി സിനിമാതാരം രംഗത്ത്. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ സിനിമാതാരം ഡോളി ബിന്ദ്രയാണ് രാധേമായ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
രാധേമായുടെ ഭാഗത്തുനിന്നും വധഭീഷണിയുണ്ടെന്ന് ഡോളി ബിന്ദ്ര മുംബൈ പോലീസ് കമ്മിഷണര്‍ക്ക് പരാതി സമര്‍പ്പിച്ചു. രധേമായുടെ ആശ്രമ വാസികളാണ് തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നതെന്ന് ഡോളി ബിന്ദ്ര നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്.
മുന്‍പ് രാധേമായുടെ ആരാധിക ആയിരുന്നു ഇവര്‍. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ രാധേമായെ സന്ദര്‍ശിക്കാറുണ്ടായിരുന്നുവെന്നും എന്നാല്‍ ഇപ്പോഴില്ലെന്നും അവര്‍ ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. വിവാദങ്ങള്‍ക്ക് പേരുകേട്ട താരമാണ് ഡോളി ബിന്ദ്ര. എന്തായാലും ഇവരുടെ പരാതിയുടെയും സ്ത്രീധനം വാങ്ങാന്‍ ഭര്‍ത്തൃ വീട്ടുകാരെ രാധേ മാ പ്രേരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള യുവതിയുടെ പരാതിയുടെയും അടിസ്ഥാനത്തില്‍ പോലീസ് രാധേ മായ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. നാലു ദിവസത്തിനുള്ളില്‍ രാധേ മാ ഹാജരാകണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് നോട്ടീസ്.