അഗ്നിപഥ് പദ്ധതിക്കെതിരെ ബിഹാറിൽ വ്യാപകമായ പ്രതിഷേധം, റെയിൽ,റോഡ് ഗതാഗതം തടഞ്ഞു
വ്യാഴം, 16 ജൂണ്‍ 2022 (14:27 IST)
സായുധസേനകളിലേക്ക് നാലുവർഷത്തേക്ക് നിയമനം നൽകുന്ന കേന്ദ്രസർക്കാറിൻ്റെ നിർദിഷ്ട അഗ്നിപഥ് പദ്ധതിക്കെതിരെ ബിഹാറിൽ ഉദ്യോഗാർഥികളുടെ പ്രതിഷേധം തുടരുന്നു. റെയിൽ, റോഡ് ഗതാഗതം തടസ്സപ്പെടുത്തിയാണ് ഇവരുടെ പ്രതിഷേധം. കണ്ണീർവാതകമുൾപ്പടെ പ്രയോഗിച്ചാണ് പോലീസ് സംഘർഷം നിയന്ത്രിക്കുന്നത്.
ജഹാനാബാദിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്തിയത് ചോദ്യം ചെയ്ത യാത്രക്കാർക്ക് നേരെയും പോലീസിന് നേരെയും പ്രതിഷേധക്കാർ കല്ലെറിഞ്ഞു. നവാഡയിൽ ടയറുകൾ കത്തിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാർ പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യങ്ങളും വിളിച്ചു.
നാലു വർഷം കൊണ്ട് സർവീസിൽ നിന്ന് 75% പേരും പുറത്താകുമെന്നും ഇവർക്ക് പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കില്ലെന്നതുമാണ് പ്രതിഷേധത്തിന് കാരണം. ഇത് തങ്ങളുടെ തൊഴിൽ സാധ്യതകളെ ബാധിക്കുമെന്നാണ് ഉദ്യോഗാർഥികൾ പറയുന്നത്.