പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് നേതൃനിരയിലേക്ക്

തിങ്കള്‍, 4 ഓഗസ്റ്റ് 2014 (13:34 IST)
പ്രിയങ്ക ഗാന്ധി പാര്‍ട്ടിയുടെ നേതൃനിരയിലേക്ക് എത്തുന്നതായി സൂചന. ഇക്കഴിഞ്ഞ ലോക്‌സഭ തെര‍ഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീമായി പരാജയപ്പെട്ടതോടെ പ്രിയങ്കയെ നേതൃനിരയിലേക്ക് കൊണ്ടുവരണമെന്ന ആവശ്യം പ്രവര്‍ത്തകര്‍ക്കിടെയില്‍ ശക്തമായിരുന്നു. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദന്‍ ദ്വിവേദിക്ക് പകരമോ അല്ലെങ്കില്‍ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷയായോ ആകും പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശം‍. 
 
അതേസമയം പാര്‍ട്ടിയുടെ നേതൃനിരയില്‍ വരുന്ന കാര്യത്തില്‍ അന്തിമ തീരുമാനം പ്രിയങ്കയുടേത് തന്നെയാവും. സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സമ്മതിച്ചാല്‍ തന്നെ പ്രിയങ്ക വഴങ്ങുമോയെന്ന കാര്യം സംശയമാണ്.
 
അതേസമയം പ്രിയങ്ക നേതൃത്വത്തിലേക്ക് വന്നാല്‍ അത് രാഹുലിനെ ഒതുക്കുന്നതിന് തുല്യമാവുമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം വാദിക്കുന്നുണ്ട്. എന്നാല്‍ അങ്ങനെ ഒരു താരതമ്യം ആവശ്യമില്ലെന്നും ഒരു വിഭാഗം വാദിക്കുന്നു.
 
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉത്തപ്രദേശില്‍ 80ല്‍ 71 സീറ്റും ബിജെപി തൂത്തുവാരിയത് പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തിലാണ്. ഷായെ വെല്ലുവിളിക്കണമെങ്കില്‍ പ്രിയങ്ക തന്നെ വേണമെന്ന അഭിപ്രായത്തിനും കോണ്‍ഗ്രസില്‍ മുന്‍തൂക്കമുണ്ട്. എന്തായാലും പ്രിയങ്കയുടെ സ്ഥാനാരോഹണം അടക്കം വന്‍ അഴിച്ചുപണിക്കാണ് കോണ്‍ഗ്രസ് ലക്‍ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്. 

വെബ്ദുനിയ വായിക്കുക