ഗുർമീതിന്റെ ആശ്രമത്തില്‍ മൃതദേഹങ്ങളും ?; കനത്ത സുരക്ഷയില്‍ ദേരാ സച്ചാ സൗദയുടെ സിര്‍സയില്‍ പൊലീസ് പരിശോധന

വെള്ളി, 8 സെപ്‌റ്റംബര്‍ 2017 (14:16 IST)
മാനഭംഗക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗധ നേതാവ് ഗുർമീത് റാം റഹിം സിംഗിന്റെ സിർസയിലുള്ള ആശ്രമത്തിൽ പൊലീസ് പരിശോധന. പരിശോധന നടക്കുന്നതിനാല്‍ സിര്‍സയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ആശ്രമത്തിൽ പൊലീസ് പരിശോധന നടത്തുന്നത്. 
 
കനത്ത സുരക്ഷയാണ് സിർസയിലും പരിസരത്തും ഒരുക്കിയിരിക്കുന്നത്. സുരക്ഷയുടെ ഭാഗമായി പൊലീസിനു പുറമെ ഡോഗ് സ്‌ക്വാഡിന്റെ പിന്തുണയോടെ പ്രദേശത്ത് 41 കമ്പനി അർധസൈനികരെയും വിന്യസിച്ചിട്ടുണ്ട്. സിർസയിലെ ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റിസോർട്ടുകൾ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന. 800 ഏക്കർ സ്ഥലത്താണ് ദേരാ സച്ചാ സൗധയുടെ ആശ്രമം നിലകൊള്ളുന്നത്. 
 
ആശ്രമത്തില്‍ പൊലീസ് പരിശോധന നടത്തുമെന്നകാര്യം ഉറപ്പായതിനു പിന്നാലെ, ദേരാ സച്ചാ സൗദാ അനുയായികളുടെ മൃതദേങ്ങളും ആ പ്രദേശത്ത് സംസ്കരിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി സംഘടനയുടെ മുഖപത്രമായ ‘സാച്ച് കഹൂൻ’ രംഗത്തെത്തി. ഗുർമീതിന്റെ നടപടികളെ എതിര്‍ക്കുന്നവരെയാണ്  കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ അവിടെതന്നെ സംസ്കരിക്കുകയും ചെയ്തിരുന്നതെന്നാണ് പറയുന്നത്.
 
ആശ്രമത്തിലെ അന്തേവാസികളായിരുന്ന സ്ത്രീകളെ പീഡിപ്പിച്ചകേസില്‍ ഗുർമീത് കുറ്റക്കാരനാണെന്ന് കോടതി വിധി വന്നതിനു പിന്നാലെ ഉണ്ടായ കലാപത്തിൽ 38 പേരാണ് ഹരിയാനയിലെ പഞ്ച്കുലയിലും സിർസയിലും കൊല്ലപ്പെട്ടത്. ഇരുനൂറിലേറെ പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്വയം പ്രഖ്യാപിത ആള്‍ദൈവമായിരുന്ന ഗുര്‍മീതിനെ 20 വര്‍ഷം കഠിനതടവും രണ്ട് കേസുകളിലായി 20 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍