ഓഖി ചുഴലിക്കാറ്റ് അപ്രതീക്ഷിതമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചുഴലിക്കാറ്റ് സംബന്ധിച്ച മുന്നറിയിപ്പുകൾ ഒന്നും തന്നെ കേന്ദ്രം അറിയിച്ചിരുന്നില്ലെന്നും രക്ഷാപ്രവർത്തന നടപടികൾ സംസ്ഥാന സർക്കാർ ഒരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചുഴലിക്കാറ്റിനെ കുറിച്ച് 5 ദിവസം മുൻപ് ഓരോ 12 മണിക്കൂർ ഇടവിട്ടും കേന്ദ്രം മുന്നറിയിപ്പ് നൽകേണ്ടതാണ്. മൂന്ന് ദിവസം മുൻപ് ഓരോ മൂന്ന് മണിക്കൂർ കൂടുമ്പോഴും ചുഴലിക്കാറ്റിന്റെ വേഗത, ദിശ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ അറിയിപ്പുകൾ കേന്ദ്രം നൽകേണ്ടതാണെന്നും എന്നാൽ, മുന്നറിയിപ്പുകൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഓഖി ചുഴലിക്കാറ്റില്‍ ജീവനോപാധികള്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള സമഗ്രനഷ്ടപരിഹാര പാക്കേജ് മന്ത്രിസഭ അംഗീകരിച്ചു. വള്ളം, ബോട്ട്, വല തുടങ്ങിയ മത്സ്യബന്ധന ഉപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള സാഹയങ്ങള്‍ പാക്കേജിലുണ്ട്. ഇവരെ എത്രയും വേഗം തൊഴില്‍മേഖലയിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള സാഹചര്യമൊരുക്കും. ധനസഹായം വേഗത്തില്‍ നല്‍കാനും തീരുമാനമായി.
പുനരധിവാസം, മത്സ്യത്തൊഴിലാളികളുടെ വിദ്യാഭ്യാസം എന്നിവയും പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ധനസഹായം അടിയന്തരമായി വിതരണം ചെയ്യാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയില്‍ വിദഗ്ദ്ധരെ ഉള്‍പ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചു.