പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഗുര്‍ദാസ്‌പൂര്‍ എസ്‌പി സല്‍വീന്ദര്‍ സിംഗിനെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ എന്‍ ഐ എ തീരുമാനം. സല്‍വിന്ദര്‍ സിംഗിന്റെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ തീരുമാനം.
സര്‍വ്വീസില്‍ പ്രശ്‌നക്കാരനായ ഗുര്‍ദാസ്‌പുര്‍ എസ് പി, ഒരു ശിക്ഷാനടപടി ലഭിച്ച് ഒരാഴ്ച തികയും മുമ്പാണ് പത്താന്‍കോട് എത്തിയ ഭീകരര്‍ എസ് പിയുടെ വാഹനം ഉപയോഗിക്കുന്നത്. തന്നെ ഭീകരര്‍ തട്ടിക്കൊണ്ടു പോയതായി എസ് പി മൊഴി നല്കിയിരുന്നു.
എന്നാല്‍ എസ് പി എന്തിന് അതിര്‍ത്തിയില്‍ പോയി എന്ന കാര്യത്തില്‍ വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. ക്ഷേത്രദര്‍ശനം എന്ന എസ് പിയുടെ വാദം അന്വേഷണോദ്യോഗസ്ഥര്‍ അംഗീകരിച്ചിട്ടുമില്ല. ഈ സാഹചര്യത്തിലാണ് നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി ആലോചിക്കുന്നത്.
സല്‍വീന്ദര്‍ സിംഗിനൊപ്പം തട്ടിക്കൊണ്ടു പോകപ്പെട്ടു എന്ന് സല്‍വീന്ദര്‍ തന്നെ പറയുന്ന ജ്വല്ലറി ഉടമയായ സുഹൃത്തിന്‍റെയും സഹായിയുടെയും മൊഴി എന്‍ ഐ എ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മൊഴികളും പരസ്പരവിരുദ്ധമാണ് എന്നത് എസ് പിക്കെതിരെ കൂടുതല്‍ സംശയമുയരാന്‍ ഇടയാക്കിയിട്ടുണ്ട്.