പനീർശെ‌ൽ‌വത്തെ പാർട്ടി പദവിയിൽ നിന്നും പുറത്താക്കി; എം എൽ എമാരും പാർട്ടിയും തനിക്കൊപ്പമെന്ന് ശശികല, ചിരിച്ചു തള്ളി ഒപിഎസ്

ബുധന്‍, 8 ഫെബ്രുവരി 2017 (07:41 IST)
തമിഴ്‌നാട് രാഷ്ട്രീയത്തിലെ സകല അനിശ്ചിതത്വങ്ങളും വെളിവാക്കി എ ഐ ഡി എം കെ പൊട്ടിത്തെറി. പാർട്ടി പിളർപ്പിലേക്ക് നീങ്ങുന്ന സാഹചര്യമാണ് ഇപ്പോൾ കാണുന്നത്. മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങിനില്‍ക്കെ തനിക്കെതിരെ തികച്ചും അപ്രതീക്ഷിതമായി രംഗത്തെത്തിയ ഒ പനീര്‍ശെല്‍വത്തെ പാര്‍ട്ടിൽ നിന്നും പുറത്താക്കി.
 
തനിക്കെതിരെ പോരാടാനുറച്ച പനീർസെൽവത്തെ ശശികല പാർട്ടിയുടെ ട്രഷറർ സ്ഥാനത്തുനിന്ന് പുറത്താക്കിയതിനു പിന്നാലെയാണിത്. പുതിയ ട്രഷററായി ദിന്‍ഡിഗല്‍ ശ്രീനിവാസനെ തെരഞ്ഞെടുത്തതായും ശശികല അറിയിച്ചു. പനീർസെൽവത്തിന്റെ പിന്നിൽ ഡി എം കെയാണെന്ന് ആരോപിച്ചു. തന്റെ പിന്നിൽ എം എൽ എമാർ ഒറ്റക്കെട്ടാണ്. പാർട്ടിയിൽ പിളർപ്പില്ലെന്നും ശശികല വ്യക്തമാക്കി.
 
അതേസമയം, പാർട്ടിയിൽനിന്ന് പുറത്താക്കിയതിനെ പനീർസെൽവം ചിരിച്ചുതള്ളി. ശശികല ജയലളിതയുടെ ആഗ്രഹങ്ങൾ അട്ടിമറിച്ചു. ജയയുടെ മരണത്തിനു മുൻപേതന്നെ നേതൃമാറ്റത്തിന് കളമൊരുക്കിയെന്നും അദ്ദേഹം ആരോപിച്ചു. തന്നെ പാര്‍ട്ടിയുടെ ട്രഷററാക്കിയത് ജയലളിതയാണെന്നും മറ്റാര് പറഞ്ഞാലും താന്‍ സ്ഥാനത്തുനിന്ന് മാറില്ലെന്നും പനീര്‍ശെല്‍വം പറഞ്ഞു. 
 
ഇന്നുരാവിലെ പത്തുമണിക്ക് മുന്‍പായി എ ഐ ഡി എം കെയിലെ എം എല്‍എമാരുടെ നിര്‍ണായക യോഗം പോയസ്ഗാര്‍ഡനില്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്. പനീര്‍ശെല്‍വം ഉറച്ചു നില്‍ക്കുകയാണെങ്കില്‍ പിന്തുണക്കാനാണ് കോണ്‍ഗ്രസിന്റെയും ഡിഎംകെയുടെയും തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വെബ്ദുനിയ വായിക്കുക