26/11 മുംബൈ ആക്രമണം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും പാകിസ്ഥാനിലെന്ന് താരിഖ് ഖോസെ

ചൊവ്വ, 4 ഓഗസ്റ്റ് 2015 (15:24 IST)
മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും പാകിസ്ഥാനിലെന്ന് താരിഖ് ഖോസെ. പാകിസ്ഥാനിലെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ ഡയറക്‌ടര്‍ ജനറല്‍ ആയിരുന്ന താരിഖ് ഖോസെയുടേതാണ് വെളിപ്പെടുത്തല്‍. 
 
മുംബൈ ആക്രമണത്തെക്കുറിച്ച് പാകിസ്ഥാന്‍ നടത്തിയ അന്വേഷണത്തിന് നേതൃത്വം നല്‍കിയത് താരിഖ് ഖോസയായിരുന്നു. ഡോണ്‍ പത്രത്തിലെഴുതിയ ലേഖനത്തിലാണ് ഖോസ മുംബൈ ആക്രമണത്തെക്കുറിച്ചുള്ള ഇന്ത്യയുടെ കണ്ടെത്തലുകളെ ശരിവെക്കുന്നത്.
 
സിന്ധ് പ്രവിശ്യയിലെ തട്ടയിലാണ് കസബ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ലഷ്‌കര്‍ ഇ തൊയ്‌ബ പരിശീലനം നല്കിയത്. കസബിന്റെ തീവ്രവാദ ബന്ധം പാകിസ്ഥാന്‍ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
 
ഭീകരര്‍ക്ക് വി ഒ ഐ പി വഴി നിര്‍ദ്ദേശം നല്‍കിയത് കറാച്ചിയില്‍ നിന്നാണ്. ഈ സ്ഥലവും വസ്തുക്കളും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഭീകരരുടെ നേതാക്കളെയും സാമ്പത്തികസഹായം നല്‍കിയവരെയും പാകിസ്ഥാന്‍ അറസ്റ്റ് ചെയ്തിരുന്നെന്നും ഖോസെ തന്റെ ലേഖനത്തില്‍ പറയുന്നു. പാകിസ്ഥാന്‍ തെറ്റ് അംഗീകരിക്കുകയും സത്യം മനസിലാക്കുകയും വേണമെന്നും അദ്ദേഹം ലേഖനത്തില്‍ വ്യക്തമാക്കുന്നു.

വെബ്ദുനിയ വായിക്കുക