ജമ്മു കാശ്‌മീരില്‍ ബുധനാഴ്‌ച പിടിയിലായ പാക് ഭീകരന്‍ മുഹമ്മദ് നവീദിനൊപ്പം ഇന്ത്യയിലെത്തിയ ഒരു ഭീകരന്‍ ഡല്‍ഹിയിലുള്ളതായി ഇന്റലിജന്‍സിന് സംശയം. ഈ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ കനത്ത സുരക്ഷയൊരുക്കിയിരിക്കുകയാണ്. ഡല്‍ഹിയിലെ വിമാനത്താവളങ്ങള്‍, കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു.
പാകിസ്ഥാനില്‍ നിന്ന് അതിര്‍ത്തി വഴി ഇന്ത്യയിലെത്തിയ അഞ്ച് ഭീകരരില്‍ ഒരാള്‍ രാജ്യതലസ്ഥാനത്ത് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ വരും ദിവസങ്ങളിലായതിനാല്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാല് തീവ്രവാദികളോടൊപ്പമാണ് ബുധനാഴ്‌ച പിടിയിലായ മുഹമ്മദ് നവീദ് ഇന്ത്യയിലെത്തിയത്. ഇന്ത്യയില്‍ കടന്നതിന് ശേഷം ഇവര്‍ രണ്ടു സംഘങ്ങളായി പിരിഞ്ഞു. ഇതില്‍ മൂന്നുപേരാണ് ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് പഞ്ചാബില്‍ ആക്രമണഴിച്ചുവിട്ടത്. നവീദും കൂട്ടാളിയും കശ്മീര്‍ വഴി ഉദംപൂരിലെത്തി ബിഎസ്എഫ് വാഹനത്തെ ആക്രമിക്കുകയുമായിരുന്നു.
ഈ സംഘത്തിലെ ഒരാള്‍ ഡല്‍ഹിയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട് വരുന്നത്. ഡല്‍ഹിയില്‍ ഒളിച്ചുകഴിയുന്ന ഭീകരന്റെ കൈവശം അത്യാധുനിക ആയുധങ്ങളും മാരകപ്രഹരശേഷിയുള്ള ആര്‍ഡിഎക്‌സ് അടക്കമുള്ള സ്‌ഫോടക വസ്തുക്കളും ഉള്ളതായാണ് വിവരം. ഇയാള്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്. പിടിയിലായ നവീദില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭ്യമായത്.
അതേസമയം, പാക് ഭീകരന്‍ മുഹമ്മദ് നവീദിനെ ഇന്ന് ഡല്‍ഹിയിലെത്തിച്ച് കൂടുതല്‍ ചോദ്യം ചെയ്യും. ദേശീയ അന്വേഷണ ഏജന്‍സിയാവും ഇയാളെ ഇനി ചോദ്യം ചെയ്യുക. ഇന്ത്യയില്‍ എങ്ങനെ എത്തിയെന്നും പദ്ധതിയിട്ട ആക്രമണങ്ങളുടെ വിശദാംശങ്ങളും അറിയുന്നതിനാകും കൂടുതല്‍ ചോദ്യം ചെയ്യല്‍.