ചാരവൃത്തി: സുപ്രധാന പ്രതിരോധ വിവരങ്ങള്‍ സഹിതം പാക് നയതന്ത്ര ഉദ്യോഗസ്ഥന്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍

വ്യാഴം, 27 ഒക്‌ടോബര്‍ 2016 (11:10 IST)
ഇന്ത്യന്‍ പ്രതിരോധ രേഖകള്‍ മോഷ്ടിച്ചതിന്റെ പേരില്‍ പാക് ഉദ്യോഗസ്ഥനെ ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തു‍. ഡല്‍ഹി പൊലീസ് ക്രൈം ബ്രാഞ്ചാണ് ഇയാളെ അറസ്റ്റു ചെയ്തിരിക്കുന്നത്. മുഹമ്മദ് അക്തര്‍ എന്നയാളാണ് പിടിയിലായിരിക്കുന്നതെന്ന് ഡല്‍ഹി പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
 
പാക് ഹൈ കമ്മിഷണര്‍ അബ്ദുല്‍ ബാസിത്തിന്റെ കീഴിലുള്ള ഉദ്യോഗസ്ഥനാണ് പിടിയിലായിട്ടുള്ളത്. ചാരവൃത്തിക്ക് ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു സൈനികവിന്യാസം സംബന്ധിച്ച മാപ്പുകള്‍ അടക്കമുള്ള രേഖകള്‍ ഇയാളുടെ കൈയില്‍ നിന്നും പിടികൂടിയതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ചാണക്യപുരി പൊലീസ് സ്റ്റേഷനിലാണ് ഇയാള്‍ ഇപ്പോള്‍ ഉളളതെന്നാണ് സൂചന‍.
 
സംഭവത്തെ തുടര്‍ന്ന് പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത് ഇന്ന് 11.30ന് ഹാജരാകണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടതായാണ് വിവരം. പാകിസ്ഥാനു വേണ്ടി പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് 2015 നവംബറില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക