ഓപ്പറേഷന്‍ ലോട്ടസുമായി ബിജെപി, കേരളം കാവിയണിയുമോ?

വെള്ളി, 10 ജൂലൈ 2015 (14:26 IST)
കേരളത്തിൽ രാഷ്ട്രീയാധികാരം പ്രാപ്തമാക്കുക എന്ന ലക്ഷ്യം നേടുന്നതിനായി ഓപ്പറേഷന്‍ ലോട്ടസ് ബിജെപി രഹസ്യമായി നടപ്പിലാക്കിത്തുടങ്ങി. കേരളത്തിലെ ഇടത്പക്ഷ പാര്‍ട്ടികളില് അസംതൃപ്തരെ കൂടെക്കൂട്ടുന്നതാണ് ഓപ്പറേഷന്‍ ലോട്ടസ്. ബംഗാളില്‍ പരീക്ഷിച്ച് വിജയിച്ച തന്ത്രമാണ് കേരളത്തിലും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടപ്പിലാക്കിത്തുടങ്ങിയത്.

സിപിഎം വിഭാഗീയതയ്‌ക്ക് ഇരകളായി ബ്രാഞ്ച്, ലോക്കൽ തലങ്ങളിൽ വെട്ടിനിരത്തപ്പെട്ടവരെ ബിജെപിയിലേക്കു ക്ഷണിക്കാനും ക്ഷണം സ്വീകരിക്കുന്നവരെ ഓഗസ്‌റ്റിൽ ആരംഭിക്കുന്ന സജീവ പ്രവർത്തക പരിശീലന ശിബിരങ്ങളിൽ പങ്കെടുപ്പിക്കാനുമാണു അമിത്ഷാ കേരളഘടകത്തിനു നല്‍കിയിരിക്കുന്ന നിർദേശം. നിയമസഭാ തിരഞ്ഞെടുപ്പു മുന്നിൽക്കണ്ടാണ് ബിജെപിയുടെ അടവുനയ പരീക്ഷണം.

ബിജെപിയിൽ ചേരുന്ന സിപിഎം നേതാക്കളെ മുൻനിർത്തി സിപിഎം കുടുംബങ്ങളെയും അണികളെയും കൂട്ടത്തോടെ അടർത്തിയെടുക്കുകയെന്നതാണു പദ്ധതി. പഞ്ചായത്ത്, മുനിസിപ്പൽ തിരഞ്ഞെടുപ്പ് സിപിഎമ്മിൽ നിന്നു ബിജെപിയിലേക്കു പ്രാദേശിക നേതാക്കളെ ആകർഷിക്കാനുള്ള അവസരമായി ഉപയോഗിക്കാനും നിർദേശം നൽകിയിട്ടുണ്ട്. സിപിഎം ടിക്കറ്റ് നിഷേധിക്കുന്ന വിമതർക്കു ബിജെപി സീറ്റ് വാഗ്‌ദാനം ചെയ്യും. ഇതുവഴി ബിജെപിക്ക് വിജയ സാധ്യതയില്ലാത്ത സീറ്റുകളില്‍ വിജയം നേടുക എന്ന ലക്ഷ്യമാണ് പാര്‍ട്ടിക്കുള്ളത്.

നേരത്തെ ബംഗാളില്‍ ഇതേപോലെ നടത്തിയ പരീക്ഷണത്തിലൂടെ സിപിഎം ലോക്കൽ, ബ്രാഞ്ച് കമ്മിറ്റികളെ രാഷ്‌ട്രീയ പരിവർത്തനം നടത്തി ബിജെപി സമിതികളാക്കി വലിയ അട്ടിമറികളാണ് ഉണ്ടാക്കിയത്. ഇതേ തന്ത്രങ്ങള്‍ കേരളത്തിലും ആവര്‍ത്തിച്ചേക്കും. ജനസ്വാധീനമുള്ള നേതാക്കളെ പരമാവധി കൂടെക്കൂട്ടി കേരളത്തില്‍ അട്ടിമറിയുണ്ടാക്കുക എന്നതാണ് ബിജെപിയുടെ തന്ത്രം.

ബിജെപി സജീവ പ്രവർത്തകരാകാൻ നൂറുപേരെ പാർട്ടിയിൽ അംഗങ്ങളാക്കിയിരിക്കണമെന്ന വ്യവസ്‌ഥ സിപിഎമ്മിൽ നിന്നുള്ളവർക്കു ബാധകമാകില്ല. നേതൃപാടവവും ജനസ്വാധീനവുമുള്ള സിപിഎം പ്രവർത്തകരെ ബിജെപിയുടെ ഉപരി കമ്മിറ്റികളിലേക്കു നേരിട്ട് ഉൾപ്പെടുത്താനും കേന്ദ്രനേതൃത്വം അനുമതി നൽകി. രാഷ്‌ട്രീയ, സാംസ്‌കാരിക മേഖലകളിൽ നിന്നുള്ള പ്രമുഖരാണെങ്കിൽ ജില്ലാ, സംസ്‌ഥാന സമിതികളിലും ഉൾപ്പെടുത്താം. തല്‍ക്കാലം ഇടത് പക്ഷത്തിനാണ് ഭീഷണിയെങ്കിലും വലത്പക്ഷ പാര്‍ട്ടികളിലെ സാമുദായിക സ്വാധീനമുള്ള നേതാക്കളില്‍ പലരേയും ബിജെപി നോട്ടമിട്ടിട്ടുള്ളതായാണ് വിവരം.

വെബ്ദുനിയ വായിക്കുക