മനുഷ്യ മനഃസാക്ഷി മരവിച്ചുപോകുന്ന കാഴ്ച; ഭാര്യയുടെ മൃതദേഹവുമായി യാചകന്‍ ഉന്തുവണ്ടി തള്ളിയത് 60 കിലോമീറ്റര്‍
തിങ്കള്‍, 7 നവംബര്‍ 2016 (12:22 IST)
ആംബുലന്‍സിന് നല്‍കാന്‍ പണമില്ലാത്തതിന്റെ പേരിൽ കുഷ്ഠരോഗിയായ യാചകന്‍ ഭാര്യയുടെ മൃതദേഹം ഉന്തുവണ്ടിയില്‍ കിടത്തി 60 കിലോമീറ്റര്‍ തള്ളിക്കൊണ്ടുപോയി. ഹൈദരാബാദ് നഗരത്തിലെ ക്ഷേത്രപരിസരങ്ങളില്‍ ഭിക്ഷ യാചിച്ചു വന്ന രാമുലു (53)വാണ് ഭാര്യയുടെ മൃതദേഹവുമായി 24 മണിക്കൂര്‍ സഞ്ചരിച്ചത്. 46 വയസുള്ള അദ്ദേഹത്തിന്റെ ഭാര്യ കവിതയും കുഷ്ഠരോഗിയായിരുന്നു.
നഗരത്തിലെ ഒരു റെയില്‍വേസ്‌റ്റേഷനില്‍ വെച്ചാണ് കവിത മരിച്ചത്. സ്വദേശമായ സങ്കാറെഡ്ഡി ടൗണിലേക്ക് മൃതദേഹം എത്തിക്കാന്‍ ആസ്പത്രി അധികൃതര്‍ 5000 രൂപ രാമുലുവിനോട് ആവശ്യപ്പെട്ടു. പക്ഷേ കൈയിൽ 1000 രൂപ പോലും എടുക്കാനില്ലാതിരുന്ന രാമുലു, സ്വന്തം ഉന്തുവണ്ടിയിൽ ഭാര്യയുടെ മൃതദേഹവുമായി ഗ്രാമത്തിലേക്ക് യാത്ര തിരിക്കുകയായിരുന്നു.
60 കിലോമീറ്റർ ദൂരം പിന്നിട്ട രാമുലു, വളരെയേറെ ക്ഷീണിതനായി വഴിയരുകിൽ തളർന്നുവീണു. ഭാര്യയുടെ മൃതദേഹവുമായി പാതയോരത്തിരുന്ന് കണ്ണീരൊഴുക്കുന്ന വൃദ്ധനെക്കുറിച്ച് വഴിയാത്രക്കാരാണ് പൊലീസിൽ അറിയിച്ചത്. ഇവരുടെ അവസ്ഥ കണ്ട് വഴിയാത്രക്കാരിൽ ചിലർ പണമെറിഞ്ഞ് നൽകുന്നുണ്ടെങ്കിലും ആ സമയം രാമുലു നിലവിളിക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്. തുടര്‍ന്ന് സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ വഴിയാത്രക്കാരും പൊലീസും ചേർന്ന്, അവിടെനിന്നും 80 കിലോമീറ്ററിലധികം ദൂരെയുള്ള മേഡക് ഗ്രാമത്തിലേക്ക് മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് വിളിച്ചു നൽകുകയായിരുന്നു.