സൌദിയിലെ മൊബൈല്‍ഫോണ്‍ രംഗത്തെ നിതാഖാത്: സമയപരിധി ഇന്നുതീരുന്നു; കൂടുതല്‍ മലയാളികള്‍ നാട്ടിലേക്ക് മടങ്ങുന്നു

വെള്ളി, 2 സെപ്‌റ്റംബര്‍ 2016 (07:19 IST)
സൌദിയിലെ മൊബൈല്‍ഫോണ്‍ രംഗത്ത് പൂര്‍ണ നിതാഖാത് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്നു. ടെലികോംരംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ വിദേശികളേയും ഒഴിവാക്കി സ്വദേശിവത്കരണം ഉറപ്പിക്കുകയാണ് സൌദി തൊഴില്‍മന്ത്രാലയം. ഇതോടെ ജോലിനഷ്ടമാകുമെന്ന ഭീതിയില്‍ കൂടുതല്‍ മലയാളികള്‍ നാട്ടിലേക്ക് മടങ്ങിത്തുടങ്ങി.
 
മൊബൈല്‍കടകളിലെ ജോലിയില്‍ ഇനിയും തുടരുകയാണെങ്കില്‍ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്ന ആശങ്കയാണ് വിദേശികളായ ജോലിക്കാര്‍ നാട്ടിലേക്ക് മടങ്ങുന്നതിനുള്ള പ്രധാന കാരണം. പരിശോധന കര്‍ശനമായതോടെ രണ്ടായിരത്തിലേറെ മൊബൈല്‍ഫോണ്‍കടകള്‍ പൂട്ടിയിട്ടുണ്ട്. ഇത്തരം കടകളില്‍ ജോലിചെയ്തിരുന്ന നൂറുകണക്കിന് മലയാളികള്‍ക്കാണ് തൊഴില്‍ നഷ്ടമായിരിക്കുന്നത്. 
 
അതേസമയം, മറ്റു ജോലികിട്ടുമെന്ന പ്രതീക്ഷയില്‍ സൌദിയില്‍ പലയിടങ്ങളിലായി ചിലര്‍ തങ്ങുന്നുമുണ്ട്. മൊബൈല്‍ഫോണ്‍ രംഗത്തെ പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കാന്‍ സപ്തംബര്‍ രണ്ടുവരെയാണ് സര്‍ക്കാര്‍ സമയം അനുവദിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് തൊഴില്‍മന്ത്രാലയം സൗദിയില്‍ പരിശോധന വ്യാപകമാക്കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക