ജന്‍ സ്വഭിമാന്‍ അഭയാന്‍: നാട്ടുകാരെ ‘ദേശീയത’ പഠിപ്പിക്കാന്‍ ബി ജെ പി; ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിക്കും

ബുധന്‍, 17 ഫെബ്രുവരി 2016 (16:56 IST)
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ദേശീയതയുമായി ബന്ധപ്പെട്ട് രാജ്യത്ത് തുടരുന്ന പ്രശ്‌നങ്ങളില്‍ ബി ജെ പി ഇടപെടുന്നു. രാജ്യമെങ്ങും ദേശീയതയുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിച്ച് പ്രചാരണം നടത്താനാണ് ബി ജെ പിയും എ ബി വി പിയും ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി മാര്‍ച്ച് 18 മുതല്‍ 20 വരെ രാജ്യമെങ്ങും ജില്ലകളിലും മണ്ഡലങ്ങളിലും സംവാദങ്ങള്‍ സംഘടിപ്പിക്കാനാണ് ബി ജെ പി ആലോചിക്കുന്നത്. 
 
ദേശീയതയെക്കുറിച്ചുള്ള പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസിന്റ് ദേശവിരുദ്ധ നയങ്ങളും നിലപാടുകളും ബി ജെ പി വിഷയമാക്കും. ജന്‍ സ്വാഭിമാന്‍ അഭിയാന്‍ എന്നാണ് ഈ പ്രചാരണപദ്ധതിക്ക് ബി ജെ പി പേര് നല്കിയിരിക്കുന്നത്. ബി ജെ പിക്കൊപ്പം യുവനിരനേതാക്കളും ജെ എന്‍ യുവിലെ മുന്‍ ആര്‍ എസ് എസ് നേതാക്കളും പ്രചാരണ സംവാദങ്ങളില്‍ പങ്കെടുക്കും.
 
“പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് രാജ്യത്തെ ജനങ്ങളെ ഒന്നിച്ചു നിര്‍ത്തുന്ന ദേശീയനേതാവ് എന്ന പ്രതിച്‌ഛായയാണ് ഉള്ളത്. ‘ദേശീയത’ സംവാദത്തിലൂടെ അദ്ദേഹത്തിന്റെ കരിസ്മ വര്‍ദ്ധിപ്പിക്കാന്‍ കഴിയും” - ബി ജെ പി ജനറല്‍ സെക്രട്ടറി പറഞ്ഞു.
 
ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ രോഹിത് വെമുലെ എന്ന വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവവും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജെ എന്‍ യു സര്‍വ്വകലാശാലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് ‘ദേശീയത’ രാജ്യത്തെ ജനങ്ങളെ പഠിപ്പിക്കാന്‍ ബി ജെ പി ഇറങ്ങുന്നത്.

വെബ്ദുനിയ വായിക്കുക