ന്യൂസിലന്‍ഡിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ രവി ഥാപ്പറിനെ ഇന്ത്യ തിരിച്ചു വിളിച്ചു. രവി ഥാപ്പറിന്റെ ഭാര്യ ശര്‍മ്മിള ഥാപ്പര്‍, വീട്ടു ജോലിക്കാരനെ മര്‍ദ്ദിച്ചുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. ഹൈക്കമ്മീഷണറുടെ ഭാര്യയ്ക്കെതിരെ പാചകക്കാരന്‍ ന്യൂസിലന്‍ഡ് പൊലീസില്‍ പരാതി നല്കിയിരുന്നു.
അതേസമയം, പരാതി എഴുതി നല്‍കാന്‍ ഇയാള്‍ തയ്യാറായില്ല. ന്യൂസിലന്‍ഡ് പൊലീസിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് വിദേശകാര്യ മന്ത്രാലയം ഥാപ്പറിനെ തിരിച്ചു വിളിച്ചത്. പരാതിയില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു. അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ ഥാപ്പറെ ഡല്‍ഹിയിലെ മന്ത്രാലയത്തിലേക്ക് മാറ്റി നിയമിച്ചതായും അദ്ദേഹം പറഞ്ഞു.
പരാതിക്ക് കാരണമായ സംഭവം മെയ് മാസത്തിലാണ് നടന്നത്. മാനസികനില തെറ്റിയ നിലയില്‍ അലഞ്ഞ് നടക്കുകയായിരുന്ന പരാതിക്കാരനെ നാട്ടുകാര്‍ പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് താന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറുടെ പാചകക്കാരനാണെന്നും ഹൈക്കമ്മീഷണറുടെ ഭാര്യ തന്നെ മര്‍ദ്ദിക്കാറുണ്ടെന്നും ഇയാള്‍ വെളിപ്പെടുത്തിയത്.