നെസ്ലേയ്ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നിയമനടപടി തുടങ്ങി
മാഗി നൂഡില്‍സ് നിരോധിച്ചതിന് പിന്നാലെ ഉല്‍പാദകരായ നെസ്ലെ കമ്പനിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നിയമനടപടി തുടങ്ങിയതായി സൂചന. കമ്പനിക്കെതിരെ നഷ്ടപരിഹാരത്തിനാണ് കേന്ദ്രസര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കുന്നത്.
ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര സമിതി (എന്‍സിഡിആര്‍സി) വഴിയാണ് കേന്ദ്രം കോടതിയെ സമീപിച്ചിരിക്കുന്നത്. അനുവദനീയമായതിലും കൂടുതല്‍ അളവില്‍ രാസപദാര്‍ഥങ്ങളും രുചിവര്‍ധിനികളും ചേര്‍ത്ത് ഉല്‍പ്പന്നം വിറ്റഴിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ഭക്ഷ്യ മന്ത്രാലയം നടപടിതുടങ്ങിയിരിക്കുന്നത്.
അനുവദനീയമായ അളവില്‍ മോണോ സോഡിയം ഗ്ലൂട്ടമേറ്റും ഈയവും മാഗിയില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് രാജ്യവ്യാപകമായി കഴിഞ്ഞ ആഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ മാഗിയെ നിരോധിച്ചത്. അതിനു പുറമെ മാഗിയുടെ പേരില്‍ പുറത്തിറക്കുന്ന ഒമ്പത് ഉത്പന്നങ്ങളും വിപണിയില്‍ നിന്ന് പിന്‍വലിക്കണമെന്നും നെസ്ലേയോട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു.