മെഡിക്കല്‍ പ്രവേശനത്തിനായി ഏകീകൃത മെഡിക്കല്‍ പ്രവേശന പരീക്ഷ ഈ വര്‍ഷം മുതല്‍ നടത്തുന്നതില്‍ ഉറച്ച് സുപ്രീംകോടതി. നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) ഈ വര്‍ഷം മുതല്‍ നടപ്പാക്കാന്‍ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. എന്നാല്‍, ഇതിനെതിരെ കേന്ദ്രസര്‍ക്കാര്‍ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം തള്ളിയ കോടതി ഈ വര്‍ഷം മുതല്‍ പരീക്ഷ നടത്താനുള്ള തീരുമാനത്തില്‍ ഉറച്ചുനിന്നു.
ഒറ്റ ഘട്ടമായി പരീക്ഷ നടത്തിയാൽ മതിയെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെങ്കിലും രണ്ടു ഘട്ടമായി തന്നെ പരീക്ഷ നടത്താനാണ് കോടതി തീരുമാനം. മെയ് ഒന്ന്, ജൂലൈ 24 ദിവസങ്ങളിലായി രണ്ടു ഘട്ടമായിട്ടായിരിക്കും ഏകീകൃത പരീക്ഷ നടത്തുക.
സംസ്ഥാനങ്ങൾ നടത്തുന്ന പ്രവേശന പരീക്ഷയിലൂടെ എം ബി ബി എസ്, ബി ഡി എസ് പ്രവേശത്തിന് അനുമതി നൽകണമെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു. പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് നീറ്റ് ഈ വർഷം വേണ്ടെന്ന് കേന്ദ്രസർക്കാർ നിലപാട് എടുത്തത്. എന്നാല്‍, സര്‍ക്കാര്‍ നിലപാട് പൂര്‍ണമായും തള്ളിക്കൊണ്ടായിരുന്നു കോടതി നിലപാടില്‍ ഉറച്ചുനിന്നത്.