Narendra Modi Oath Taking Ceremony Live Updates: ജവഹര്‍ലാല്‍ നെഹ്‌റുവിനൊപ്പം ഇനി മോദി, സത്യപ്രതിജ്ഞ ചെയ്തു; രാജ്‌നാഥ് സിങ്ങും അമിത് ഷായും തുടരും

രേണുക വേണു

ഞായര്‍, 9 ജൂണ്‍ 2024 (19:42 IST)
Marendra Modi Oath taking Ceremony Live Updates

Narendra Modi Oath Taking Ceremony Live Updates: ഇന്ത്യന്‍ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ച്ചയായി മൂന്നാം തവണയാണ് മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്നത്. ജവഹര്‍ലാല്‍ നെഹ്‌റുവാണ് ഇതിനു മുന്‍പ് തുടര്‍ച്ചയായി മൂന്ന് തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരിക്കുന്നത്. 2014 ലാണ് മോദി ആദ്യമായി ഇന്ത്യന്‍ പ്രധാനമന്ത്രിയാകുന്നത്. കഴിഞ്ഞ രണ്ട് തവണയും ബിജെപിക്ക് തനിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഉണ്ടായിരുന്നെങ്കില്‍ ഇത്തവണ എന്‍ഡിഎ മുന്നണിയിലെ ഘടകകക്ഷികളുടെ കൂടെ പിന്തുണയോടെയാണ് വീണ്ടും അധികാരത്തിലെത്തിയിരിക്കുന്നത്. 
 
ഡല്‍ഹിയിലെ രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ പുരോഗമിക്കുന്നത്. രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്. കൃത്യം 7.20 നാണ് മോദി സത്യപ്രതിജ്ഞ ചെയ്തത്. രാജ്‌നാഥ് സിങ് ആണ് മോദിക്കു ശേഷം സത്യപ്രതിജ്ഞ ചെയ്തത്. അമിത് ഷാ, നിതിന്‍ ഗഡ്കരി, ജെ.പി.നഡ്ഡ, നിര്‍മല സീതാരാമന്‍ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. 

കേരളത്തില്‍ നിന്ന് സുരേഷ് ഗോപിയും കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കേരളത്തില്‍ നിന്നുള്ള ആദ്യത്തെ ബിജെപി എംപിയാണ് സുരേഷ് ഗോപി. കേന്ദ്രമന്ത്രി ആണെങ്കിലും സുരേഷ് ഗോപിക്ക് ക്യാബിനറ്റ് റാങ്കില്ല.
 
കനത്ത സുരക്ഷയാണ് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 1,100 പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍