ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ച ആരംഭിച്ചു. റഷ്യയിലെ ഊഫയിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ തീവ്രവാദവും അതിര്‍ത്തിയിലെ വെടി നിര്‍ത്തല്‍ കരാര്‍ ലംഘനവും ചര്‍ച്ച ചെയ്യും. റഷ്യയിലെ ഉഫയിലാണ് ഇരു നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തുത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം വളർത്തുന്നതിനാവശ്യമായ നടപടികളും ഇന്ത്യ കൂടിക്കാഴ്ചയിൽ അവതരിപ്പിക്കുമെങ്കിലും മുംബൈ സ്‌ഫോടനക്കേസ് പ്രതി സക്കീയുര്‍ റഹ്മാന്‍ ലഖ്‌വിയെ മോചിപ്പിച്ച പാക് നടപടിയില്‍ ഇന്ത്യ പ്രതിഷേധം അറിയിക്കും. അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ സേന നടത്തുന്ന തുടര്‍ച്ചയായ വെടി നിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ അവസാനിപ്പിക്കണെമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി നവാസ് ഷെരീഫിനോട് ആവശ്യപ്പെടും.
മോഡിയുമായുള്ള കൂടിക്കാഴ്ചയിൽ അതിർത്തി പ്രശ്നം പാകിസ്ഥാൻ ഉന്നയിക്കുമെങ്കിലും ഇന്ത്യയുമായുള്ള വ്യാപാരബന്ധം ഊട്ടിയുറപ്പിക്കുന്നതിലും അവർ സവിശേഷ ശ്രദ്ധ നൽകുമെന്നാണ് സൂചന. നിലവിൽ ഇരുരാജ്യങ്ങളും തമ്മിൽ 2 ബില്യൺ ഡോളറിന്റെ വ്യാപാരബന്ധമാണ് നിലനിൽക്കുന്നതെങ്കിലും ഇതിന്റെ പലമടങ്ങ് മൂല്യം വരുന്ന വ്യാപാരക്കരാറിനുള്ള സാധ്യതകളാണ് നിലനിൽക്കുന്നത്. വാണിജ്യം, ഗതാഗതം തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനാവശ്യമായ തീരുമാനങ്ങളും ഉഭയകക്ഷി ചര്‍ച്ചയില്‍ ഉണ്ടാകും.