മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍; ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യത്തില്‍ ഉറച്ച് പ്രതിപക്ഷം

ബുധന്‍, 3 ജനുവരി 2018 (07:43 IST)
മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. ബില്ലവതരണത്തിന് മുന്‍പ് പ്രതിപക്ഷവുമായി സമവായത്തില്‍ എത്താനുള്ള തീവ്ര പരിശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് പ്രതിപക്ഷം.
 
സര്‍ക്കാറിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ പ്രതിപക്ഷ പിന്തുണയില്ലാതെ ബില്ല് പാസ്സാക്കാനാകില്ലെന്നതാണ് സര്‍ക്കാര്‍ നേരിടുന്ന വെല്ലുവിളി. ഇന്നലെ ബില്ലവതരിപ്പിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും പ്രതിപക്ഷം സഹകരിക്കില്ലെന്ന് വ്യക്തമാക്കിയതോടെ ബില്ലവതരണം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
 
പ്രതിപക്ഷത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ തുടരുന്നത്. പ്രതിപക്ഷ ഭേദഗതികള്‍ പരിഗണിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി രാജ്യസഭ അധ്യക്ഷനും ഉപരാഷ്ട്രപതിയുമായ വെങ്കയ്യ നായിഡു തന്നെ ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല.
 
മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന കരട് ബില്ലിന് കേന്ദ്രമന്ത്രിസഭ നേരത്തേ അംഗീകാരം നല്‍കിയിരുന്നു. മുസ‌്‌ലിം വനിതാ വിവാഹ അവകാശ സംരക്ഷണ ബില്‍ എന്ന പേരിലാണു പാര്‍ലമെന്‍റില്‍ ഇതില്‍ അവതരിപ്പിച്ചത്. മൂന്നു തലാഖുകളും ഒറ്റത്തവണചൊല്ലി വിവാഹ മോചനം തേടുന്ന രീതിയാണ് മുത്തലാഖ്.
 
മുത്തലാഖ് ചൊല്ലുന്ന പുരുഷനു മൂന്നുവര്‍ഷംവരെ തടവും പിഴയും ഉറപ്പാക്കുന്ന ശിക്ഷയാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. അതേസമയം മുത്തലാഖിനെ കുറ്റകൃത്യമായി പ്രഖ്യാപിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ബില്ലിനെ എതിര്‍ത്ത് വിവിധ സ്ത്രീ സംഘടനകള്‍ രംഗത്ത് വന്നിരുന്നു ‍. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍