പത്ത് വര്‍ഷം പിതാവ് പൂട്ടിയിട്ട യുവാവിനെ രക്ഷിച്ചു

ശനി, 20 ജൂണ്‍ 2015 (16:19 IST)
പിതാവ് പത്ത് വര്‍ഷത്തോളമായി ഫ്ളാറ്റില്‍ പൂട്ടിയിട്ട യുവാവിനെ പൊലീസും സാമൂഹിക പ്രവര്‍ത്തകരും ചേര്‍ന്നു രക്ഷിച്ചു.  രാജ് പട്ടേല്‍ എന്ന് 22 കാരനേയാണ് ഇയാളുടെ പിതാവ് പൂട്ടിയിട്ടത്. ബിസിനസുകാരനായ പിതാവിന്റെ പത്ത് മക്കളില്‍ ഒരാളാണ് ഇയാള്‍. ഇതേ ഫ്ളാറ്റിന്റെ താഴത്തെ നിലയില്‍ പിതാവും മറ്റു കുടുംബാംഗങ്ങളും കഴിയുന്നുണ്ട്.

100 ചതുരശ്രമീറ്റര്‍ മാത്രം ചുറ്റളവുള്ള മുറിയിലായിരുന്നു വര്‍ഷങ്ങളായി ഇയാളെ പൂട്ടിയിട്ടിരുന്നത്.  വര്‍ഷങ്ങളുടെ പഴക്കം കൊണ്ട് ചകിരി കൂമ്പാരമായി മാറിയ സോഫ മടക്കിയാണ് കിടന്നിരുന്നത്. ഇതിന് പുറമേ ഭക്ഷണം പൊതിഞ്ഞു നല്‍കിയിരുന്ന പേപ്പറുകളും പ്ലാസ്റ്റിക് കൂടുകളും മാത്രമാണ് ആ മുറിയിലുണ്ടായിരുന്നത്. ഭക്ഷണം കൊണ്ടുവന്നിരുന്ന പേപ്പറുകള്‍ ഉപയോഗിച്ചായിരുന്നു രാജ് പട്ടേല്‍ വിസര്‍ജ്യങ്ങള്‍ തുടച്ചു മാറ്റിയിരുന്നത്. പത്രകടലാസും കീറച്ചാക്കും കൊണ്ടാണ് ഇയാള്‍ നഗ്നത മറച്ചിരുന്നത്.

ദാമിനി സേന എന്ന സന്നദ്ധ സംഘടനയാണ് ഇയാളെ രക്ഷിക്കുന്നതിന് മുന്‍കയ്യെടുത്തത്.  ഇയാളുടെ കുടുംബം ഇപ്പോഴും ഇതേ ഫ്ലാറ്റില്‍ താമസിക്കുന്നുണ്ട്. ആദ്യഭാര്യയിലെ മകനായ രാജ് പട്ടേലിനെ മാറ്റി താമസിപ്പിക്കാന്‍ രണ്ടാം ഭാര്യയും മക്കളും ഇയാളുടെ പിതാവില്‍ സമ്മര്‍ദ്ദം ചെലുത്തിയതായി സൂചനയുണ്ടെന്ന് സന്നദ്ധ സംഘടനാപ്രവര്‍ത്തകര്‍ പറഞ്ഞു.

ഫ്ളാറ്റിലെ മറ്റു താമസക്കാരെല്ലാം വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ഒഴിഞ്ഞു പോയിട്ടും വെള്ളമോ വൈദ്യുതിയോ ഇല്ലാതെയായിരുന്നു രാജ് പട്ടേലും കുടുംബവും ഫ്ലാറ്റില്‍ ജീവിച്ചത്. ഇതില്‍ ദുരൂഹതയുണ്ട്. സാമൂഹ്യപ്രവര്‍ത്തകര്‍ നല്‍കിയ വസ്ത്രങ്ങള്‍ ധരിച്ചാണ് ഇയാള്‍ പുറത്തിറങ്ങിയത്. നവി മുംബൈയിലെ പാട്ടീല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജ് പട്ടേലിന്റെ ശാരീരിക മാനസികാരോഗ്യം പൂര്‍വ്വ സ്ഥിതിയിലാക്കുന്ന ചികിൽസകളാണ് ഇപ്പോള്‍ ചെയ്യുന്നത്.

അതേസമയം എന്തിനാണ് രാജ് പട്ടേലിനെ പത്ത് വര്‍ഷത്തോളം പൂട്ടിയിട്ടതെന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് ബേലാപ്പൂര്‍ പോലീസ് അറിയിച്ചിട്ടുണ്ട്. യുവാവിന്റെ മാനസിക നില സാധാരണ നിലയിലായതിനുശേഷം മാത്രമേ വീട്ടുകാര്‍ക്കെതിരെ ഏതു വകുപ്പ് ചുമത്തി കേസെടുക്കണമെന്നു തീരുമാനിക്കൂ എന്നും പോലീസ് അറിയിച്ചു.

വെബ്ദുനിയ വായിക്കുക