മുംബൈ സ്ഫോടന പരമ്പര: യാക്കൂബ് മേമന്റെ വധശിക്ഷ സ്റ്റേ ചെയ്തു

തിങ്കള്‍, 2 ജൂണ്‍ 2014 (13:30 IST)
1993ലെ മുംബൈ സ്ഫോടന പരമ്പര കേസിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തു. യാക്കൂബിന്റെ ദയാഹര്‍ജി രാഷ്ട്രപതി പ്രണബ് മുഖര്‍ജി പത്തു ദിവസം മുമ്പ് തള്ളിയിരുന്നു. 
 
വധശിക്ഷ നടപ്പാക്കാന്‍ കാലതാമസം നേരിട്ടാല്‍ ശിക്ഷ ഇളവു ചെയ്യാമെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ മേമന്‍ സുപ്രീംകോടതിയെ സമീപിച്ചത്. തനിക്കൊപ്പം ശിക്ഷിക്കപ്പെട്ടവര്‍ക്ക്‌ 14 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചപ്പോള്‍ താന്‍ 20 വര്‍ഷമായി ജയിലാണെന്നാണ്‌ മേമന്‍ ബോധിപ്പിച്ചു. 
 
മുംബയ് സ്ഫോടന പരമ്പര കേസിലെ മുഖ്യപ്രതി അധോലകനായകന്‍ ടൈഗര്‍ മേമന്റെ സഹോദരനാണ് യാക്കൂബ് മേമന്‍. 2007ലാണ് ടാഡ കോടതി യാക്കൂബിന് വധശിക്ഷ വിധിച്ചത്. 2013ല്‍ സുപ്രീംകോടതി ശിക്ഷ ശരിവച്ചു. അതേവര്‍ഷം ഒക്ടോബറില്‍ യാക്കൂബ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കി. 
 
മുംബയ് സ്ഫോടന പരമ്പരയില്‍ 257 പേര്‍ മരിക്കുകയും 713 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 1994ല്‍ നേപ്പാളിലെ കാഠ്മണ്ഡുവില്‍ വച്ചാണ് യാക്കൂബ് മേമന്‍ അറസ്റ്റിലായത്.

വെബ്ദുനിയ വായിക്കുക