സഞ്ജയ് ദത്തിന്റെ ജയില്‍ മോചനം ആഘോഷിക്കാന്‍ മുംബൈയില്‍ 'ചിക്കന്‍ സഞ്ജു ബാബ'!
ചൊവ്വ, 23 ഫെബ്രുവരി 2016 (13:14 IST)
പ്രശസ്ത ബോളിവുഡ് നടന് സഞ്ജയ് ദത്ത് ജയില്‍ മോചിതനാകുന്നത് ആഘോഷിക്കാന്‍ മുംബൈയിലെ ഹോട്ടലില്‍ സൗജന്യമായി 'ചിക്കന്‍ സഞ്ജു ബാബ' വിളമ്പുന്നു. സൗത്ത് മുംബൈയിലുള്ള നൂര്‍ മുഹമ്മദി ഹോട്ടലിന്റെ ഉടമ ഖാലിദ് ഹക്കീമിന് സഞ്ജയ് ദത്ത് സ്വയം തയ്യാറാക്കി നല്കിയ റെസിപ്പി ഉപയോഗിച്ചാണ് ചിക്കന്‍ സഞ്ജു ബാബ തയ്യാറാക്കുന്നത്.
1986ല്‍ കടയുടെ ഉദ്ഘാടനം നിര്‍വഹിച്ചത് ദത്ത് ആയിരുന്നു. അതിനു ശേഷം സ്ഥിരമായി അദ്ദേഹം ഹോട്ടലില്‍ വന്നിരുന്നു. പ്രത്യേകം നോണ്‍വെജിറ്റേറിയന്‍ ഭക്ഷണങ്ങളാണ് തങ്ങള്‍ അദ്ദേഹത്തിന് നല്‍കിയിരുന്നത്. ദാല്‍ ഗീ, വൈറ്റ് ചിക്കന്‍ ബിരിയാണി, സഫ്രാനി തുടങ്ങിയ ഭക്ഷണങ്ങള്‍ അദ്ദേഹത്തിന് ഏറെ പ്രിയമായിരുന്നു- ഖാലിദ് ഹക്കീം വ്യക്തമാക്കി.
2010ലായിരുന്നു സഞ്ജയ് ദത്ത് ഒരു സ്പെഷല്‍ ചിക്കന്‍ വിഭവത്തിന്റെ റെസിപ്പി ഖാലിദിന് നല്‍കുന്നത്. അദ്ദേഹത്തിന്റെ അനുവാദത്തോടെ ഖാലിദ് തന്നെ അതിന് 'ചിക്കന്‍ സഞ്ജു ബാബ' എന്നു പേരിട്ട് ഹോട്ടലില്‍ വിളമ്പാന്‍ തുടങ്ങി. അദ്ദേഹം വലിയൊരു നടനാണ്. ഏതെങ്കിലും ഫൈവ് സ്റ്റാര്‍ ഹോട്ടലിന് ആ റെസിപ്പി അദ്ദേഹത്തിനു നല്‍കാമായിരുന്നു. എന്നിട്ടും തന്റെ കുഞ്ഞു റസ്റ്റോറന്റിനാണ് ഇതു നല്കിയതെന്നതില് താന്‍ അഭിമാനിക്കുന്നുയെന്നും ഖാലിദ് ഹക്കീം പറഞ്ഞു. ദത്ത് ജയില്‍ മോചിതനാകുന്നത് പ്രമാണിച്ച് വ്യാഴാഴ്ച ഉച്ചമുതല്‍ രാത്രി വരെയാണ് ആരാധകര്‍ക്ക് 'ചിക്കന്‍ സഞ്ജു ബാബ' സൗജന്യമായി നല്‍കുക.
അന്തരിച്ച പ്രശസ്ത ചിത്രകാരന് എം എഫ് ഹുസൈനും തന്റെ റെസ്റ്റോറന്റില്‍ പതിവായി വന്നിരുന്ന ആളായിരുന്നുവെന്നും അദ്ദേഹം ഒരു പെയിന്റിങ്ങ് ചെയ്തു തന്നത് ഇന്നും താന്‍ അഭിമാനത്തോടെ സൂക്ഷിക്കുന്നുവെന്നും ഖാലിദ് ഹക്കീം വ്യക്തമാക്കി.
മുംബൈ സ്ഫോടനസമയത്ത് അനധികൃതമായി ആയുധങ്ങള്‍ കയ്യില്‍ വച്ച കുറ്റത്തിനാണ് സഞ്ജയ് ദത്തിനെ കോടതി ശിക്ഷിച്ചത്. ഈ വ്യാഴാഴ്ചയാണ് സഞ്ജയ് ദത്തിന്റെ ശിക്ഷാകാലാവധി കഴിയുക.