അന്യജാതിക്കാരനായ യുവാവുമായി പ്രണയം; പതിനേഴുകാരിയായ മകളെ അമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

ശനി, 9 ജൂലൈ 2016 (11:01 IST)
അയല്‍‌വാസിയായ യുവാവുമായി പ്രണയത്തിലായ മകളെ അമ്മ കൊലപ്പെടുത്തി. പതിനേഴുകാരിയായ മകള്‍ അയല്‍ക്കാരുനുമായി പ്രണയത്തിലാണെന്നറിഞ്ഞ് അമ്മ മകളുമായി വഴക്കിടുന്നത് പതിവായിരുന്നു. കഴിഞ്ഞദിവസവും ഇരുവരും തമ്മില്‍ ഇക്കാര്യത്തില്‍ വഴക്കുണ്ടായി. തുടര്‍ന്നാണ് രാത്രി മകള്‍ ഉറങ്ങുന്ന സമയത്ത് അമ്മ തലയിണകൊണ്ട് ശ്വാസംമുട്ടിച്ചുകൊലപ്പെടുത്തിയത്.
 
വിജയവാഡയിലാണ് ക്രൂരമായ ഈ കൊലപാതകം നടന്നത്. മകളെ കൊലപ്പെടുത്തിയതിന്റെ അടുത്ത ദിവസം വയറുവേദനമൂലം തന്റെ മകള്‍ മരിച്ചെന്ന് കൃഷ്ണ ജില്ലയിലുള്ള തന്റെ ബന്ധുക്കളെ ഇവര്‍ വിളിച്ചറിയിച്ചു. തുടര്‍ന്ന് ശവസംസ്‌കാരത്തിനായി മകളുടെ മൃതദേഹം കൃഷ്ണ ജില്ലയിലേക്ക് മാറ്റുകയും ചെയ്തു.
 
അതേസമയം കാമുകിയുടേത് കൊലപാതകമാണെന്ന് പെണ്‍കുട്ടിയുടെ സുഹൃത്തും അയല്‍‌വാസിയുമായ ദീപക് അറിയിച്ചു. ഇതോടെയാണ് സംഭവത്തിന്റെ നിജസ്ഥിതി പുറം ലോകമറിഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവ് ബിബി ജാനിനെ പൊലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു. 
 
ബിബി ജാനും ഭര്‍ത്താവ് മൈസൂര്‍ ജാനും മകളുടെ വിദ്യാഭ്യാസത്തിനായാണ് വിജയവാഡയിലെത്തിയത്. ഇവിടെ വെച്ചാണ് മകള്‍ അയല്‍‌വാസിയുമായി പ്രണയത്തിലായത്. എന്നാല്‍ അന്യജാതിക്കാരനായ യുവാവുമായുള്ള പ്രണയത്തെ മാതാവ് ശക്തിയായി എതിര്‍ത്തിരുന്നു. തുടര്‍ന്നാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക