കേന്ദ്രസര്‍ക്കാര്‍ നടത്തിയ കൂട്ടക്കൊലയാണ് മുംബൈയിലെ എൽഫിൻസ്റ്റണിൽ റെയിൽവേ സ്റ്റേഷനില്‍ കണ്ടത്; രൂക്ഷവിമര്‍ശനവുമായി ശിവസേന

വെള്ളി, 29 സെപ്‌റ്റംബര്‍ 2017 (20:43 IST)
മുംബൈയ്ക്ക് സമീപമുള്ള എൽഫിൻസ്റ്റൺ റെയിൽവേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി ആളുകള്‍ മരിക്കാനിടയായ സംഭവം വിരൽ ചൂണ്ടുന്നത് അധികൃതരുടെ കനത്ത അനാസ്ഥയിലേക്കെന്ന് റിപ്പോര്‍ട്ട്.

നടപ്പാലത്തിന്റെ വീതി കൂട്ടുന്നതുൾപ്പെടെ റെയിൽവേ സ്റ്റേഷനിൽ നടപ്പാക്കേണ്ട വികസങ്ങളെപ്പറ്റി റെയില്‍വേ മന്ത്രിയായിരുന്ന സുരേഷ് പ്രഭു ഒന്നര വർഷം മുൻപ് ഉറപ്പു നൽകിയിരുന്നു. എന്നാൽ അതിന്മേൽ തുടര്‍നടപടികളൊന്നും ഇല്ലാതിരുന്നതാണ് വെള്ളിയാഴ്ചത്തെ അപകടത്തിനു കാരണമായതെന്നാണ് റിപ്പോര്‍ട്ട്.  
 
എൽഫിൻസ്റ്റണിൽ കേന്ദ്രസർക്കാർ നടപ്പാക്കിയ പൊതുജനങ്ങളുടെ കൂട്ടക്കൊലയാണ് വെള്ളിയാഴ്ച ഉണ്ടായതെന്നാണ് ശിവസേന കുറ്റപ്പെടുത്തിയത്. റെയിൽവേ സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങളെല്ലാം മെച്ചപ്പെടുത്തിയ ശേഷം മാത്രം മതി ബുള്ളറ്റ് ട്രെയിനുകൾ കൊണ്ടു വരുന്നതെന്നും ശിവസേന വ്യക്തമാക്കി.

അപകടത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത് റെയിൽവേ മന്ത്രി പിയുഷ് ഗോയൽ രാജി വയ്ക്കണമെന്നും ബിജെപിയുടെ കേന്ദ്രത്തിലെ മുഖ്യ സഖ്യകക്ഷികളിലൊന്നായ ശിവസേന ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍