മോഡിക്കെതിരായ സന്ദേശം; സൈന്യം വാട്‌സ് ആപ്പ് ഉപേക്ഷിക്കുന്നു
വ്യാഴം, 11 ഡിസംബര്‍ 2014 (11:36 IST)
അജ്ഞാത കേന്ദ്രത്തില്‍ നിന്നും സൈനികര്‍ക്കിടയിലേക്ക് പ്രധാന മന്ത്രി നരേന്ദ്ര മോഡിക്കെതിരെ സൈന്യത്തിന്റെ അതൃപ്തി വളര്‍ത്താനായി സന്ദേശങ്ങള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനേ തുടര്‍ന്ന് വാട്‌സ് ഉപേക്ഷിക്കാന്‍ സൈന്യത്തിന്റെ തീരുമാനം. ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ഓഫീസര്‍മാര്‍ക്കും ജവാന്‍മാര്‍ക്കും സൈന്യം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍.
'മോഡിക്ക് എല്ലാ കാര്യത്തിലും രാഷ്ട്രീയ അജണ്ടയാണുള്ളത്. മോഡിക്ക് വേണ്ടത് പാര്‍ലമെന്‍റിലെ അംഗസംഖ്യയാണ്. ഇതിനായി സൈന്യത്തെ ഉപയോഗിക്കുകയാണ്' വാട്സ് ആപില്‍ പ്രചരിക്കുന്ന ഒരു സന്ദേശം ഇങ്ങനെയാണ്. ജമ്മുകശ്മീരിലെ ഉറിയിലുണ്ടായ ഏറ്റുമുട്ടല്‍, പ്രധാനമന്ത്രിയുടെ കശ്മീര്‍ സന്ദര്‍ശനം എന്നിവക്ക് ശേഷമാണ് സന്ദേശങ്ങള്‍ വന്നത്. ഈ സന്ദേശങ്ങള്‍ സൈനികര്‍ക്കിടയില്‍ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.
കരസേന കമാന്‍റര്‍ ജനറല്‍ ഡി എസ് ഹൂഡയാണ് സോഷ്യല്‍ മീഡിയയിലെ ഇത്തരം വ്യാജ സന്ദേശങ്ങളില്‍ വീഴരുതെന്ന സന്ദേശം സൈനികര്‍ക്ക് നല്‍കിയത്. എല്ലാത്തരം മാധ്യമങ്ങള്‍ക്കും പൊതുസമൂഹത്തെയും സൈന്യത്തെയും വലയില്‍ വീഴ്ത്താന്‍ സാധിക്കും. അത്തരത്തിലുള്ള സന്ദേശത്തിന് ഇരയാകരുതെന്നും ഹൂഡ സൈനികരോട് ആവശ്യപ്പെട്ടു.
ഇത് സൈനികരെ മാനസികമായി തളര്‍ത്താനുള്ള ശ്രമമാണെന്നാണ് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ കരുതുന്നത്. വാട്സ് ആപിന്‍െറ സെര്‍വര്‍ യു.എസിലായതിനാല്‍ സന്ദേശങ്ങളുടെ ഉറവിടങ്ങള്‍ അറിയാന്‍ കഴിയില്ലെന്നും ഇവര്‍ പറയുന്നു. ബുദ്ഗാമില്‍ സൈനികരുടെ വെടിയേറ്റ് രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തില്‍ മോഡിയുടെ പ്രസ്താവനക്കെതിരെയുള്ള അതൃപ്തിയാണ് സന്ദേശത്തിലൂടെ വ്യക്തമാകുന്നത്. സൈനികരുടെ വെടിവെപ്പ് മോദി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.