ഭീകരാക്രമണം: പാക് ഹൈക്കമ്മീഷണറുമായി നടത്താനിരുന്ന ചർച്ച റദ്ദാക്കി

ചൊവ്വ, 28 ജൂലൈ 2015 (11:18 IST)
ഗുർദാസ്പൂർ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദൽ പാക് ഹൈക്കമ്മീഷണർ അബ്ദുൽ ബാസിദുമായി നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കി. 29 മുതൽ ഓഗസ്റ്റ് ഒന്നുവരെ  പാക്കിസ്ഥാൻ ഹൈക്കമ്മീഷണർ ഈമാസം ചണ്ഡീഗഡ് സന്ദർശിക്കാനിരിക്കുകയായിരുന്നു.

പഞ്ചാബിലെ ഗുർദാസ്പൂരിൽ പൊലീസ് സ്റ്റേഷനു നേരെ ഇന്നലെയുണ്ടായ ഭീകരാക്രമണത്തിൽ ഏഴു പൊലീസുകാരും രണ്ടു ഭീകരരുമടക്കം 10 പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാനാണെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.

തിങ്കളാഴ്‌ച രാവിലെ 5.30 ഓടെയായിരുന്നു ഭീകരാക്രമണം നടന്നത്. ആദ്യം സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസിനു നേര്‍ക്കും അതിനുശേഷം ഒരു മാരുതികാര്‍ പിടിച്ചെടുത്ത തീവ്രവാദികള്‍ പൊലീസ് സ്റ്റേഷനിലേക്കും ഇരച്ചു കയറി ആക്രമണം നടത്തുകയായിരുന്നു. പഞ്ചാബിലെ ദിനനഗര്‍ ജില്ലയില്‍ ജമ്മു അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ബസ് സ്റ്റാന്‍ഡിലായിരുന്നു ആദ്യത്തെ ആക്രമണം. ഇതിനുശേഷം പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചെത്തുകയും ആക്രമണം നടത്തുകയും ചെയ്യുകയായിരുന്നു.

വെബ്ദുനിയ വായിക്കുക