നാലുകാലില്‍ എത്തിയ വരനോട് വധു ഒരു കാര്യം മാത്രമെ ആവശ്യപ്പെട്ടോളൂ; ഒടുവില്‍ പ്രശ്നം പരിഹരിച്ചത് പൊലീസ്!
ചൊവ്വ, 2 മെയ് 2017 (18:25 IST)
വിവാഹ പന്തലില്‍ വരന് മദ്യപിച്ചെത്തിയതിനെത്തുടര്‍ന്ന് വധു വിവാഹത്തില്‍ നിന്നും പിന്മാറി. പഞ്ചാബിലെ ദിനനഗറിലുള്ള ഗുരുദ്വാരയിലെ വിവാഹ വേദിയിലാണ് നാടകീയമായ സംഭവമുണ്ടായത്.
ദിനനഗര്‍ സ്വദേശിനിയായ സുനിത സിംഗ് എന്ന യുവതിയും ജസ്പ്രീത് സിംഗ് എന്ന യുവാവുമായിട്ടായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. മദ്യലഹരിയില്‍ എത്തിയ ജസ്പ്രീത് കാറില്‍ നിന്നിറങ്ങിയപ്പോള്‍ തന്നെ വീഴാന്‍ തുടങ്ങി. ഇതോടെ വിവരം വേദിയിലുണ്ടായിരുന്നവരെല്ലാമറിഞ്ഞു.
വരനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സുനിത സിംഗ് ആവശ്യപ്പെട്ടതോടെ ന്യായീകരണവുമായി ജസ്പ്രീതിന്റെ ബന്ധുക്കള്‍ രംഗത്തെത്തി. കാലിനേറ്റ പരുക്കിനെ തുടര്‍ന്നാണ് വരന് വീഴാന്‍ തുടങ്ങിയത് എന്നായിരുന്നു ഇവരുടെ വാദം.
വൈദ്യപരിശോധന നടത്തണമെന്ന ആവശ്യത്തില്‍ സുനിത സിംഗ് ഉറച്ചു നിന്നതോടെ ഗുര്‍ദാസ്പൂരിലെ സ്വകാര്യ ലാബില്‍ പരിശോധന നടത്തി. പരിശോധനയില്‍ വരന് മദ്യപിച്ചതായി തെളിഞ്ഞതോടെ വധുവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറാന് തീരുമാനിച്ചു.
ഇതോടെ ഇരു വീട്ടുകാരും തമ്മില്‍ തര്‍ക്കം രൂക്ഷമായി. പ്രശ്ന പരിഹാരത്തിനായി പൊലീസ് എത്തുകയും തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ വിവാഹം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.