വയസ്സ് 60, ഏഴ് സംസ്ഥാനങ്ങളില്‍ നിന്നായി 14 സ്ത്രീകളെ വിവാഹം കഴിച്ചു ! ആദ്യ വിവാഹം 1982 ല്‍

ചൊവ്വ, 15 ഫെബ്രുവരി 2022 (11:25 IST)
വിവാഹ തട്ടിപ്പ് വീരന്‍ അറസ്റ്റില്‍. നാല്‍പ്പത് വര്‍ഷത്തിനിടെ ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളില്‍ നിന്നായി 14 സ്ത്രീകളെ വിവാഹം കഴിച്ച് അവരുടെ സ്വത്ത് തട്ടിയെടുത്ത് കടന്നുകളഞ്ഞ അറുപതുകാരനാണ് പിടിയിലായത്. ഒഡീഷയിലെ ഭുവനേശ്വറില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 
ജോലി വാഗ്ദാനം ചെയ്തും ലോണ്‍ തരപ്പെടുത്തി നല്‍കാം എന്നും വിശ്വസിപ്പിച്ച് യുവാക്കളില്‍ നിന്ന് പണം തട്ടിയതിന് ഇയാള്‍ക്കെതിരെ കൊച്ചിയിലും ഹൈദരാബാദിലും കേസുണ്ട്.
 
വിവാഹം കഴിച്ച് കുറച്ച് കാലം ഭാര്യക്കൊപ്പം താമസിച്ച ശേഷം അവരുടെ സമ്പാദ്യങ്ങള്‍ തട്ടിയെടുത്ത് മുങ്ങുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. അതേസമയം അറസ്റ്റിലായ പ്രതി കുറ്റം നിഷേധിച്ചു. 1982ലാണ് ഇയാള്‍ ആദ്യം വിവാഹിതനായത്. 20 വര്‍ഷങ്ങള്‍ക്ക് ശേഷം 2002ല്‍ ഇയാള്‍ രണ്ടാമത് ഒരു വിവാഹം കൂടി കഴിച്ചു. ഈ രണ്ട് വിവാഹങ്ങളിലായി അഞ്ച് മക്കളുമുണ്ട്. ഭാര്യമാരുടെ അറിവില്ലാതെ വീണ്ടും വിവാഹം കഴിക്കുകയായിരുന്നു ഇയാളുടെ പതിവ്. മാട്രിമോണിയല്‍ സൈറ്റുകള്‍ വഴിയാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വിവാഹം തരപ്പെടുത്തുക. ഡല്‍ഹിയിലെ ഒരു സ്‌കൂള്‍ അധ്യാപികയെയാണ് ഇയാള്‍ അവസാനം വിവാഹം കഴിച്ചത്. ഭര്‍ത്താവ് മുന്‍പ് വിവാഹം കഴിച്ചിരുന്നുവെന്ന് അറിഞ്ഞ അധ്യാപികയാണ് പൊലീസില്‍ പരാതി നല്‍കിയത്. ഭുവനേശ്വറില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 11 എ.ടി.എം കാര്‍ഡുകളും നാല് ആധാര്‍ കാര്‍ഡുകളും പോലീസ് പിടിച്ചെടുത്തു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍