അവര്‍ പിന്നാലെയുണ്ടോ ?; അക്ഷയ് കുമാറിനും സൈനയ്‌ക്കും സുരക്ഷ ശക്തമാക്കി
തിങ്കള്‍, 29 മെയ് 2017 (14:35 IST)
ബോളിവുഡ് നടൻ അക്ഷയ് കുമാറിനും ബാഡ്മിന്‍റണ്‍ താരം സൈന നെഹ്‌വാളിനും മാവോയിസ്റ്റ് ഭീഷണി. ചത്തീസ്ഗഢിലെ ബസ്തറിലെ ബൈലാഡിലയില്‍ നിന്ന് ഞായറാഴ്ചയാണ് ഇരുവര്‍ക്കുമെതിരായ കുറിപ്പുകള്‍ കണ്ടെടുത്തിരിക്കുന്നത്.
ഹിന്ദിയിലും ഗോത്രവർഗ ഭാഷയായ ഗോണ്ടിയിലുമാണ് ലഘുലേഖ പുറത്തിറക്കിയിരിക്കുന്നത്. ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇരുവരുടെയും സുരക്ഷ ശക്തമാക്കാനാണ് പൊലീസ് തീരുമാനം.
ബൈലാഡയില്‍ നടന്ന മാവോവാദികളുടെ വാര്‍ഷിക യോഗത്തില്‍ സൈനയ്ക്കും അക്ഷയ്ക്കും എതിരേ ലഘുലേഖകള്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് ബസ്തറിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സുക്മാ ജില്ലയില്‍ ഏപ്രില്‍ 24 ന് ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട 25 സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബത്തിന് ഇരുവരും സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു. ഇതാണ് മാവോയിസ്റ്റുകളുടെ വധഭീഷണിക്കു കാരണമെന്നാണ് സൂചന.