കോടതിയെ കബളിപ്പിച്ചു; നിത്യാനന്ദയെ അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്

ചൊവ്വ, 30 ജനുവരി 2018 (10:59 IST)
തെറ്റായ വിവരങ്ങള്‍ നല്‍കി കോടതിയെ കബളിപ്പിച്ച വിവാദസ്വാമി നിത്യാനന്ദയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജാരാക്കാന്‍ പൊലീസിന് നിര്‍ദ്ദേശം. മദ്രാസ് ഹൈക്കോടതിലെ ജഡ്ജി ആര്‍.മഹാദേവനാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
 
നിത്യാനന്ദയില്‍ നിന്ന് മധുരമഠം സംരക്ഷിക്കുന്നതിനു വേണ്ടി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന ആവശ്യവുമായി മധുര സ്വദേശിയായ എം.ജഗദല്‍പ്രതാപന്‍ മുമ്പ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇക്കാര്യവുമായി ബന്ധപ്പെട്ട് കോടതിയില്‍ നിത്യാനന്ദ നല്‍കിയ സത്യവാങ്മൂലത്തിലുള്ളതെല്ലാം തെറ്റായ വിവരങ്ങളാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് നിത്യാനന്ദയെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. 
 
ശരിയായ വിവരങ്ങളാണ് കോടതിയില്‍ അറിയിക്കേണ്ടതെന്ന് പലതവണ നിത്യാനന്ദയോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സ്വാമി ഈ അറിയിപ്പുകളെല്ലാം അവഗണിക്കുകയാണ് ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു. മാത്രമല്ല കോടതി നടപടികള്‍ മൊബൈല്‍ഫോണ്‍ പകര്‍ത്താന്‍ ശ്രമിച്ചതിന് നിത്യാനന്ദയുടെ ശിഷ്യനെയും കോടതി വിമര്‍ശിച്ചു. 
 
ഇയാളില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കാനും കോടതി ഉത്തരവിട്ടു. കോടതി നിങ്ങളുടെ കളികള്‍ക്കുള്ള മൈതാനമാണെന്ന് കരുതരുതെന്നും നിത്യാനന്ദയുടെ ആശ്രമത്തെക്കുറിച്ചും മറ്റുമെല്ലാം നൂറുകണക്കിന് പരാതികള്‍ ഇപ്പോള്‍ കോടതിയുടെ പരിഗണനയിലുണ്ടെന്ന കാര്യം ഓര്‍ക്കണമെന്നും കോടതി അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍