ലളിത് മോഡിക്ക് 1000 കോടി നല്‍കി, ഇന്ത്യയില്‍ നിക്ഷേപമുണ്ട്: ദാവൂദ് ഇബ്രാഹിം

വ്യാഴം, 9 ജൂലൈ 2015 (14:04 IST)
ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോഡിയുമായി അടുത്ത ബന്ധമുണ്ടെന്ന വെളിപ്പെടുത്തലുമായി അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം. ലളിത് മോഡിക്ക് വ്യാവസായിക ബന്ധത്തിന്റെ പുറത്ത് 1000 കോടി നല്‍കി. ബിസിനസുകാരനായ താന്‍ ഇന്ത്യയില്‍ 24000 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. 1993ലെ മുംബൈ സ്‌ഫോടനവുമായി ബന്ധവുമില്ലെന്ന് ദാവൂദ് വ്യക്തമാക്കി. ഗുജറാത്തിലെ നിര്‍മാണ്‍ ന്യൂസ് എന്ന ടിവി ചാനലുമായി അധോലോക നായകന്‍ നടത്തിയ ടെലഫോണ്‍ അഭിമുഖത്തിലാണ് വെളിപ്പെടുത്തലുള്ളത്.

ഐപിഎല്‍ ക്രിക്കറ്റ് ഒത്തുകളിയുമായി തനിക്കു ഒരു ബന്ധവുമില്ല. എന്നാല്‍ ക്രിക്കറ്റും ബോളിവുഡ് സിനിമകളും വളരെ ഇഷ്‌ടവുമാണ്. ബിസിനസുകാരനായ താന്‍ ആരുടെയും ഇടപാടുകളില്‍ കൈകടത്താറില്ല. എന്നാല്‍ തന്റെ ബിസിനസില്‍ കൈകടത്താന്‍ ശ്രമിക്കുന്നവരെ വെറുതേ വിടുകയുമില്ലെന്നും ദാവൂദ് പറഞ്ഞു. തനിക്ക് ആരെയും പേടിയില്ലെന്നും ഇന്ത്യയിലെ അധോലോക സംഘങ്ങള്‍ തന്നെ ഭയക്കുകയാണ്. അവര്‍ക്ക് താന്‍ ഒരു ഭീഷണിയല്ലെന്നും ദാവൂദ് അവകാശപ്പെട്ടു.

എവിടെ നിന്നാണ് താന്‍ സംസാരിക്കുന്നതെന്ന് ദാവൂദോ ചാനലോ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം അഭിമുഖത്തിലെ ദാവൂദിന്റെ ശബ്ദം തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യയിലേക്കുവരാനും നിയമനടപടികള്‍ നേരിടാനും താന്‍ ഒരുക്കമായിരുന്നുവെന്ന് ദാവൂദ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക