ശല്യം ചെയ്ത പൂവാലന്മാര്ക്കെതിരെ പ്രതികരിച്ച പെണ്‍കുട്ടിയ്ക്ക് ദാരുണാന്ത്യം!
തന്നെ ശല്യം ചെയ്തിരുന്ന പൂവാലന്മാര്ക്കെതിരെ ശബ്ദം ഉയര്‍ത്തിയ പെണ്‍കുട്ടിയെ പൂവാലന്മാര് വെടിവെച്ചുകൊന്നു. മരിച്ച പെണ്‍കുട്ടിയുടെ സഹോദരിയ്ക്കും പരുക്കേറ്റിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് പൂവാലസംഘം ഒളിവില്‍ പോയിരിക്കുകയാണ്.
ഉത്തര്‍പ്രദേശിലെ സീതാപൂരിലാണ് സംഭവം നടന്നത്. പിന്നാലെ നടന്ന് ശല്യം ചെയ്തിരുന്ന പൂവാലന്മാര്ക്കെതിരെ പ്രതികരിക്കുയും ശബ്ദം ഉയര്‍ത്തുകയും ചെയ്ത പെണ്‍കുട്ടിയ്ക്കാണ് ദാരുണമായ അന്ത്യം. രണ്ടുപേര്‍ തങ്ങളെ നിരന്തരം ശല്യം ചെയ്യാറുണ്ടായിരുന്നുവെന്നും ഇവര്‍ക്കെതിരെ പ്രതികരിച്ചത് കൂടുതല്‍ പ്രകോപനത്തിന് ഇടയാക്കുക ആയിരുന്നുവെന്നും കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരി പറഞ്ഞു. ഈ പെണ്‍കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്.
പൂവാലശല്യത്തിനെതിരെ പരാതിപ്പെട്ടിട്ടും നടപടിയെടുക്കാതിരുന്നതിനെ തുടര്‍ന്നാണ് നേരിട്ട് ഇടപെട്ടതെന്നും അതാണ് തന്റെ സഹോദരിയുടെ ജീവനെടുത്തുവെന്നും സഹോദരി പറയുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്. ഒളിവില്‍ പോയ സംഘത്തിനായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും അവര്‍ ഉടന്‍ തന്നെ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.