6000 കോടിയില്‍ നിന്ന് അഞ്ചുവര്‍ഷം കൊണ്ട് 9000 കോടിയായി മല്യയുടെ കടം വര്‍ദ്ധിച്ചു; ബാങ്കുകള്‍ നെട്ടോട്ടത്തില്‍

തിങ്കള്‍, 14 മാര്‍ച്ച് 2016 (11:50 IST)
കിംഗ് ഫിഷർ എയർലൈൻസിന്റെ കിട്ടാക്കടം തിരിച്ച് പിടിക്കുന്നതിൽ കാലതാമസം നേരിടുന്നു. അഞ്ചുവർഷം കൊണ്ട് 6000 കോടിയിൽ നിന്നും 9000 കോടിയായാണ് കിംഗ് ഫിഷറിന്റെ വായ്പ വളർന്നത്. ഇടക്കാലത്ത്, ചെറിയ വിമാനവും വാഹനങ്ങ‌ളും അടങ്ങിയ ചില സ്വത്തുക്കൾ കിട്ടാക്കടത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
 
ബാങ്കിനെ പറ്റിക്കുന്ന വിജയ് മല്യയെ പോലുള്ള കടക്കാർക്കുവേണ്ടി റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ പുതിയ വിഭാഗം രൂപീകരിച്ചു. ബാങ്കിനോട് സഹകരിക്കാത്തവർക്ക് കടം നൽകുമ്പോൾ ബാങ്ക് മുൻകരുതൽ എടുക്കേണ്ടതുണ്ടെന്നും വായ്പ തിരിച്ചടക്കാൻ കഴിവുണ്ടായിട്ടും മനപൂർവ്വം ഒഴുവാക്കുകയാണ് വിജയ് മല്യ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
 
2011 ൽ അന്നത്തെ ധനകാര്യ മന്ത്രിയായിരുന്ന നമോ നര്യൻ മീന കിംഗ് ഫിഷർ എയർലൈൻസിന്റെ സമ്പത്ത്  5793 കോടിയാണെന്ന് പാർലമെന്റിൽ അറിയിച്ചിരുന്നു. ബാങ്കുകളുടെ വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു ഇത്. 2011 ഏപ്രിലിൽ 1400 കോടി രൂപ ഓഹരിയിനത്തില്‍ ഉള്‍പ്പെടുത്തി കടം 6007 കോടി രൂപയായി ചുരുക്കിയിരുന്നു. ഇങ്ങനെ ചെയ്തതില്‍ ഏകദേശം 875 കോടിയോളം രൂപ ബാങ്കിന് നഷ്‌ടം സംഭവിച്ചിരുന്നു.
 
കിംഗ് ഫിഷർ എയർലൈൻസ് പുനർരൂപികരിക്കുന്നതിൽ പരാജയം നേരിട്ടതിനെ തുടർന്നാണ് 2013 ഫെബ്രുവരിയിൽ വായ്പ തിരിച്ച് പിടിക്കുന്നതിനായി ബാങ്ക് മല്യയെ സമീപിക്കാൻ തീരുമാനിച്ചത്. 2014 ജനുവരി 31ന് മില്യയ്ക്ക് ബാങ്ക് അയച്ച നോട്ടീസിൽ 6963 കോടി ആയിരുന്നു വായ്പാതുക. 2002ലെ  സർഫെയ്സി ആക്ട് പ്രകാരമായിരുന്നു ഇത്.
 
എന്നാൽ, ഈ മാസം ആദ്യം ധനകാര്യമന്ത്രി അരുൺ ജെയ്‌റ്റ്‌ലി പാർലമെന്റിൽ 9000 കോടിയാണ് കിംഗ് ഫിഷറിന്റെ കിട്ടാകടം എന്ന് അറിയിച്ചിരുന്നു. ബാങ്കുകളുടെ സംഘടനകൾ തമ്മിൽ ചർച്ച ചെയ്‌തായിരുന്നു ഈ തീരുമാനം.

വെബ്ദുനിയ വായിക്കുക