ജാര്‍ഖണ്ഡിലും കശ്മീരിലും നടന്ന തെരഞ്ഞെടുപ്പ് ഫലത്തില്‍ രാജ്യം ഉറ്റുനോക്കുന്നത് കശ്മീരിലെ രാഷ്ട്രീയ സാഹചര്യമാണ്. ആര്‍ക്കും കേവല ഭൂരിപക്ഷം നേടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കശ്മീരിലെ ജനവിധി നില്‍ക്കുന്നത്. 30 സീറ്റുമായി മെഹ്ബൂബ മുഫ്തിയുടെ പിഡിപിയും 25 സീറ്റുമായി ബിജെപിയുമാണ് ഇപ്പോള്‍ ജമ്മു കശ്മീരിലെ പ്രമുഖ കക്ഷികള്‍. ഇതോടെ ആര് ആര്‍ക്കൊപ്പം ചേരുമെന്നും ആരാണ് ഭരിക്കുന്നതെന്നും രാജ്യമെങ്ങും ഉറ്റു നോക്കുകയാണ്.
ഏറ്റവും വലിയ കക്ഷിയായ പിഡിപിയും രണ്ടാമഹ്തെ വലിയ കക്ഷിയായ ബിജെപിയും തമ്മില്‍ സഖ്യ സാധ്യതകള്‍ ആരും തള്ളിക്കളയുന്നില്ല. വിശേഷിച്ച് കേന്ദ്രത്തില്‍ ബിജെപിന്‍ സര്‍ക്കാര്‍ അധികാരത്തില്‍ നില്‍ക്കുമ്പോള്‍. കേന്ദ്രാധികാരത്തിലുള്ള പാര്‍ട്ടിയുമായി സഖ്യത്തില്‍ ഏര്‍പ്പെട്ടാല്‍ മാത്രമേ കശ്മീരില്‍ കൂടുതല്‍ വികസനം കൊണ്ടുവരാന്‍ സാധിക്കു എന്ന നിലപാട് പാര്‍ട്ടിയില്‍ ശക്തമാണ്.
ഈ സൂചനകള്‍ നല്‍കിക്കൊണ്ട് പാര്‍ട്ടി നേതാക്കള്‍ തന്നെ രംഗത്തെത്തി. ബിജെപിയുമായി സഖ്യത്തിനുള്ള സാധ്യതകള്‍ തുറന്നിട്ടുകൊണ്ടായിരുന്നു പിഡിപി മുഖ്യവക്താവ് നയീം അക്തര്‍ പ്രതികരിച്ചത്. ബിജെപിയുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാന്‍ പറ്റാത്തതാണന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കേന്ദ്രം ഭരിക്കുന്നത് ബിജെപിയാണ്, സംസഥാനത്ത് അവര്‍ വലിയ സ്വാധീന ശക്തിയായി മാറിയിരിക്കുന്നു തുടങ്ങിയ ന്യായങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്.
എന്നാല്‍ പിഡിപിയും കോണ്‍ഗ്രസും ചേര്‍ന്നുള്ള ഒരു സര്‍ക്കാരിനുള്ള സാധ്യത തള്ളിക്കളായാനാവില്ല. ഒരു ഘട്ടത്തില്‍ ബിജെപിയെ മാറ്റി നിര്‍ത്താന്‍ നാഷണല്‍ കോണ്‍ഫറന്‍സും ഇവര്‍ക്കൊപ്പം ചേര്‍ന്നുകൂടെന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. പിഡിപിയുടെ മുതിര്‍ന്ന് നേതാവ് മുസാഫര്‍ ഹുസൈന്‍ ബെയ്ഗ് ഇത്തരം വാദഗതികാരനാണ്. ബിജെപിയേക്കാള്‍ സഖ്യമുണ്ടാക്കാന്‍ നല്ലത് കോണ്‍ഗ്രസ് ആണെന്ന് ഇദ്ദേഹം പറയുന്നു. പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതാണ് എളുപ്പമെന്നായിരുന്നു പിഡിപി നേതാവിന്റെ പ്രസ്താവന. എന്നാല്‍ എന്തായിരിക്കും ആ പൊതു മിനിമം പരിപാടി എന്ന് മാത്രം അദ്ദേഹം പറഞ്ഞതും ഇല്ല.
അതേ സമയം ബിജെപിയേയും നരേന്ദ്ര മോഡിയേയും രൂക്ഷമായി വിമര്‍ശിക്കുന്ന നാഷണല്‍ കോണ്‍ഫറന്‍സ് ഭരണത്തിന് വേണ്ടി അവര്‍ക്കൊപ്പം നില്‍ക്കുമോ എന്നും ചോദ്യങ്ങളുയരുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസുമായി സഖ്യം പിരിഞ്ഞ നാഷണല്‍ കോണ്‍ഫറന്‍സ് എന്ത് നിലപാടെടുക്കും എന്നതില്‍ വ്യക്തതയില്ല.
അതേ സമയം ജാര്‍ഖണ്ഡില്‍ കേവല ഭൂരിപക്ഷം ഉറപ്പിച്ച ബിജെപി സഖ്യത്തില്‍ ആരാണ് മുഖ്യമന്ത്രിയാകുക എന്ന ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. സരയു റോയ്, രഘുബര്‍ ദാസ്, സിപിസിംഗ് എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നത്. പ്രമുഖ ആദിവാസി നേതാവായിരുന്ന അര്‍ജുന്‍ മുണ്ടെ മുഖ്യമന്ത്രിയാകാന്‍ സാധ്യത കല്‍പ്പിച്ചിരുന്ന ആളായിരുന്നു. എന്നാല്‍ അദ്ദേഹം തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. എന്നാല്‍ ആരാകും മുഖ്യമന്തിയെന്ന് നരേന്ദ്ര മോഡി തീരുമാനിക്കും എന്ന് സൂചനകളുണ്ട്.