പരീക്കര്‍ മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെ അതിര്‍ത്തിയില്‍ പാക് വെടിവയ്പ്പ്

വ്യാഴം, 11 ജൂണ്‍ 2015 (15:57 IST)
മ്യാന്മര്‍ സംഭവത്തൊടെ പാകിസ്ഥാന്‍ പേടിച്ചു തുടങ്ങിയെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞതിനു പിന്നാലെകശ്മീരിലെ ഇന്ത്യന്‍ അതിര്‍ത്തി പോസ്റ്റുകളിലേക്ക് പാകിസ്ഥാന്‍ വെടിയുതിര്‍ത്തു. പൂഞ്ച് സെക്ടറിലെ സ്വജിൻ സെക്ടറിൽ പട്രോളിങ് നടത്തുകയായിരുന്ന ഇന്ത്യൻ സൈന്യത്തിനു നേരെയാണു വെടിവയ്പ്പ് ഉണ്ടായതെന്നാണ് റിപ്പോർട്ട്. ഇന്നു രാവിലെ 9.15നായിരുന്നു സംഭവം.

ചെറിയ കൈത്തോക്കുകളും ഓട്ടോമാറ്റിക് ആയുധങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തെ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുകയും ചെയ്തു. ആർക്കും പരുക്കില്ല. മ്യൻമറിൽ ഇന്ത്യ ഭീകരർക്കെതിരെ നടത്തിയ ഓപ്പറേഷനുശേഷം എല്ലാ അയൽ രാജ്യങ്ങൾക്കുമുള്ള പാഠമാണിതെന്നു കേന്ദ്ര മന്ത്രി രാജ്യവർധൻ സിങ് റാത്തോഡ് പ്രതികരിച്ചിരുന്നു. പാകിസ്ഥാന്റെ പേരെടുത്തു പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിനു പിന്നാലെ പാക് ആഭ്യന്തരമന്ത്രി പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

ഇന്ത്യയിൽ നിന്നുള്ള ഏതു കടന്നാക്രമണവും ചെറുക്കാൻ സജ്ജമാണെന്നും ഇന്ത്യയുടെ അധീശത്വത്തെയും യുദ്ധക്കൊതിയെയും അംഗീകരിക്കില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. പാക്കിസ്ഥാൻ സമാധനപരമായ സഹവർത്തിത്വമാണ് ആഗ്രഹിക്കുന്നത്. അതു ദൗർബല്യമായി കാണരുതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക