കശ്മീരിലെ കാര്‍ഗിലില്‍ മെയ് മുതല്‍ ജൂലൈ മാസം വരെ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടന്ന യുദ്ധമാണ് കാര്‍ഗില്‍ യുദ്ധം എന്നറിയപ്പെടുന്നത്. ഇന്ത്യയും പാകിസ്ഥനും തത്വത്തില്‍ അംഗീകരിച്ച നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യന്‍ പ്രദേശത്തേക്ക് പാകിസ്ഥാന്‍ പട്ടാളക്കാരും തീവ്രവാദികളും നുഴഞ്ഞുകയറിയതാണ് യുദ്ധത്തിന് കാരാണമായത്. എ ബി വയ്‌പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരായിരുന്നു അന്ന് കേന്ദ്രം ഭരിച്ചിരുന്നത്.
കാര്‍ഗില്‍ യുദ്ധത്തിന് ശേഷം പക്ഷേ വാജ്‌പേയ് സര്‍ക്കാരിനെ നാണക്കേടിലേക്ക് തള്ളിവിട്ട അഴിമതികേസാണ് ശവപ്പെട്ടി കുംഭകോണം. കാര്‍ഗില്‍ യുദ്ധകാലത്ത് മരണപ്പെട്ട സൈനികരുടെ മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ അമേരിക്കയില്‍ നിന്ന് ഗുണമേന്മ കുറഞ്ഞ 500 അലുമിനിയം പെട്ടികള്‍ വാങ്ങിയതില്‍ വ്യാപകമായ അഴിമതി നടന്നുവെന്നായിരുന്നു കേസ്. 2001ല്‍ സിഎജി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 1 കോടി 47 ലക്ഷം രൂപയുടെ അഴിമതി രേഖപ്പെടുത്തിയത്.
ഇന്ത്യന്‍ പ്രതിരോധമന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിനെതിരെ അന്ന് അഴിമതി ആരോപണം ഉയര്‍ന്നിരുന്നുവെങ്കിലും സിബിഐ പ്രതിചേര്‍ത്തിരുന്നില്ല. കേസില്‍ പ്രതിപട്ടികയിലുണ്ടായിരുന്ന റിട്ട. മേജര്‍ ജനറല്‍ അരുണ്‍ റോയ്, റിട്ട. കേണല്‍ എസ്. കെ. മാലിക്, എഫ്.ബി. സിംഗ് എന്നിവര്‍ക്ക് ശവപ്പെട്ടികളുടെ ഇടനിലക്കാരനായിരുന്ന അമേരിക്കന്‍ പൗരന്‍ വിക്ടര്‍ ബൈസയുമായി ബന്ധമുള്ളതായി തെളിയിക്കാന്‍ സിബിഐയ്ക്ക് സാധിച്ചില്ല.