കനയ്യ കുമാറിന്റെ അറസ്റ്റില്‍ ചെന്നൈയിലും പ്രതിഷേധം; നാടന്‍പാട്ടു കലാകാരന്‍ കോവനെ അറസ്റ്റു ചെയ്തു

വ്യാഴം, 18 ഫെബ്രുവരി 2016 (19:44 IST)
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിന്റെ അറസ്റ്റില്‍ ചെന്നൈയിലും പ്രതിഷേധം. സാമൂഹ്യപ്രവര്‍ത്തകനും നാടന്‍പാട്ടു കലാകാരനുമായ കോവനും അനുയായികളുമാണ് നുങ്കമ്പാക്കം ശാസ്ത്രിഭവനു മുന്നില്‍ പ്രതിഷേധിച്ച് സമരം ചെയ്തത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
 
കോവന്‍ ഉള്‍പ്പെടെ 15 പേരെയാണ് ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തത്. കനയ്യ  കുമാറിനെ വിട്ടയക്കുക, ബി ജെ പിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എ ബി വി പിയെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും  നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
 
കലാ സാംസ്കാരിക സംഘടനയായ മക്കള്‍ കലൈ ഇലകിയ കഴകം, റെവല്യൂഷണറി സ്റ്റുഡന്‍സ് യൂത്ത് ഫ്രണ്ട് എന്നീ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരായിരുന്നു പ്രതിഷേധവുമായി രംഗത്തെത്തിയവര്‍. 
 
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെയും കേന്ദ്ര സര്‍ക്കാരിനെയും വിമര്‍ശിച്ച് പാട്ട് പാടിയതിന്റെ പേരില്‍ കോവനെ മുമ്പും തമിഴ്നാട് പൊലീസ്  അറസ്റ്റ് ചെയ്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക